ഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഭവത്തില്‍ ചൈനയാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട്. ചൈന അതിര്‍ത്തിയില്‍ അതിക്രമിച്ച് മുന്നോട്ട് വന്നത് തടയാന്‍ ഇന്ത്യന്‍ സൈന്യം ഇടപെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഇന്ത്യന്‍ പട്രോളിങ് സംഘമായ പിപി14 ഗാല്‍വാന്‍ താഴ്വരയിലെ 14ാം പോയിന്റില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് പട്ടാളം മുന്നേറിയതായി മനസിലാക്കിയത്. ഇന്ത്യന്‍ സംഘത്തില്‍ അപ്പോള്‍ ആളുകള്‍ കുറവായിരുന്നു. ആദ്യം ഇന്ത്യന്‍ സംഘം ചൈനീസ് സൈന്യവുമായി ചര്‍ച്ച ചെയ്ത പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. ഇത് പ്രകാരം ചൈന തങ്ങളുടെ പി5 എന്ന പോയിന്റിലേക്ക് പിന്മാറാമെന്ന് സമ്മതിച്ചു. ഇതോടെ ഇരു സംഘങ്ങളും പിരിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ പട്രോളിങ് സംഘം തിരികെ പോയെന്ന് മനസിലാക്കിയ ഉടന്‍ ചൈനീസ് പട്ടാളം ഇതേ പോയിന്റിലേക്ക് തിരികെ വന്നു.
ചൈനയുടെ നീക്കം തിരിച്ചറിഞ്ഞ് കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ സ്ഥലത്തേക്ക് എത്തി. ഇവിടെ വച്ച് സംഘര്‍ഷം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് സംഘത്തിന്റെ പക്കല്‍ ഇരുമ്പ് വടികളുണ്ടായിരുന്നുവെന്നും സംഘര്‍ഷത്തിനിടെ മലയിടുക്കിലേക്കും പുഴയിലേക്കും വീണുമാണ് കൂടുതല്‍ സൈനികര്‍ വീരമൃത്യു വരിച്ചതെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ചൈനീസ് ഭാഗത്ത് 43 ഓളം പേര് മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന വിവരവും പുറത്ത് വന്നിരുന്നു.
വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. എന്നാല്‍ ഇതുവരെ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. അധികാരത്തിലെത്തിയ കാലം മുതല്‍ ചൈനയുമായുള്ള ബന്ധം നന്നാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചിരുന്നു. അതിര്‍ത്തിയില്‍ വിട്ടുവീഴ്ചയില്ല, എന്നാല്‍ സൗഹൃദം ശക്തപ്പെടുത്താമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
ഇതിനെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും മുതിര്‍ന്ന മന്ത്രിമാരുമായി സ്ഥിതി വിലയിരുത്തും. സംഘര്‍ഷം നടന്ന ഗാല്‍വന്‍ താഴ്വരയില് നിന്ന് ഇരു സൈന്യവും പിന്മാറിയതായി ഇന്നലെ കരസേന വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.
ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് നടന്ന ചൈനീസ് പ്രകോപനത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതിര്‍ത്തിയില്‍ സൈനികതല ചര്‍ച്ചകളും ദില്ലിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും പുരോഗമിക്കവെയാണ് മരണസംഖ്യ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വിവരം പുറത്തുവിട്ടത്.