ഡല്‍ഹി: കരസേനയും വ്യോമസേനയും സംയുക്ത ഓപ്പറേഷനുള്ള തയ്യാറെടുപ്പ് ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ പൂര്‍ത്തിയാക്കി. ഇന്ത്യ 35,000 സൈനികരെ കൂടി ഈ മേഖലയില്‍ എത്തിച്ചു. യുദ്ധടാങ്കുകളും തോക്കുകളും അതിര്‍ത്തിക്ക് അടുത്തേക്ക് നീക്കി. കരസേനാമേധാവി ജനറല്‍ എംഎം നരവനെ തയ്യാറെടുപ്പ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. അതേസമയം, ഇരുസൈന്യങ്ങളുടെയും പിന്‍മാറ്റത്തിനുള്ള ധാരണ നടപ്പാകാന്‍ സമയം എടുക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഇന്ത്യ സ്ഥിരമായി പട്രോളിംഗ് നടത്തിയിരുന്ന മേഖലയില്‍ പട്രോളിംഗ് തടസ്സപ്പെടുത്തിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെയും ആവര്‍ത്തിച്ചിരുന്നു. തദ്ദേശീയമായി നിര്‍മിച്ച പ്രതിരോധസാമഗ്രികള്‍ ഇന്ത്യയെ അതിര്‍ത്തി കാക്കാന്‍ പ്രാപ്തരാക്കുമെന്ന് പ്രതിരോധസഹമന്ത്രി ശ്രീപദ് നായ്ക്കും വ്യക്തമാക്കിയിരുന്നു. അതേസമയം, ചൈനയും അതിര്‍ത്തിയില്‍ സൈനികസന്നാഹം ശക്തമാക്കുകയാണ്.

2022-ഓടെ ഇന്ത്യ ചൈനയുമായുള്ള അതിര്‍ത്തിയില്‍ 42 പുതിയ തന്ത്രപ്രധാനറോഡുകളാണ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ 72 പ്രധാനറോഡുകളാണ് കേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 28 എണ്ണം ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്, 33 എണ്ണം നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്, മറ്റുള്ളവയുടെ നിര്‍മാണം അതിന്റെ ആദ്യഘട്ടത്തിലാണ്.

കിഴക്കന്‍ ലഡാക്കില്‍ മെയ് ആദ്യവാരം മുതല്‍ക്ക് തന്നെ ഇത്തരത്തില്‍ വലിയ സൈനികസന്നാഹം ചൈന തുടങ്ങിയിരുന്നെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതിന് മറുപടിയായാണ് അതിര്‍ത്തിയില്‍ വന്‍ സൈനികസന്നാഹം സജ്ജമാക്കുന്നതെന്ന് പരോക്ഷമായി വിദേശകാര്യമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്തെങ്കിലും അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടിക്ക് ഇന്ത്യ സജ്ജമാണെന്ന് സൂചന നല്‍കുന്നതാണ് ഈ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *