കൊച്ചി: കൊവിഡ് മൂലം ആഗോളതലത്തിൽത്തന്നെ ലോക്ക്ഡൗണുകൾ നിലവിലുള്ളതിനാൽ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ സംവിധായകൻ ബ്ലസിയും നടൻ പൃഥ്വിരാജ് സുകുമാരനും അടക്കമുള്ള സംഘം അവിടെ കുടുങ്ങി. ജോർജാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം ഇവിടെ മരുഭൂമിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവിടെ ഇവർ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈൻ പ്രൊഡ്യൂസർമാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിർദേശവും അധികൃതർ നൽകിയിട്ടുണ്ടെന്നാണ് വിവരം. നാല് ദിവസം മുമ്പ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിർത്തി വയ്പ്പിച്ചിരുന്നു. എട്ട് ദിവസത്തിനകം, അതായത് ഏപ്രിൽ എട്ടിനുള്ളിൽ വിസ കാലാവധി അവസാനിക്കും. അതിനാൽ തിരികെയെത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്രസർക്കാരുകൾക്ക് കത്ത് നൽകി.
കോവിഡ് ബാധയ്ക്ക് പിന്നാലെ ജോര്‍ദ്ദനില്‍ കര്‍ഫ്യൂ നിലവില്‍ വന്നതോടെ പ്രതിസന്ധിയായ മലയാളി സിനിമാ സംഘത്തിനായി വിദേശ കാര്യമന്ത്രാലയം ഇടപെട്ട് ചിത്രീകരണം തുടരുകയായിരുന്നു. ഏപ്രില്‍ 10 വരെയായിരുന്നു ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ കര്‍ക്കശമാക്കിയതിന് പിന്നാലെ അനുമതി റദ്ദാക്കി. നേരത്തെ വാദിറം മരുഭൂമിയിലെ അല്‍സുല്‍ത്താന്‍ ക്യാമ്പില്‍ ഏതാനും ദിവസത്തെ ഭക്ഷണവും അവശ്യസാധനങ്ങളുമായി കുടുങ്ങിയ സിനിമാ സംഘത്തിനായി ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചിരുന്നു. ജോര്‍ദ്ദനില്‍ നിന്നുള്ള ഡോക്ടര്‍മാരും ക്യാമ്പിലെത്തിയിരുന്നു.
ഉടനടി ഇവരെ നാട്ടിലേക്ക് തിരികെയെത്തിക്കാനാകുമോ എന്നതിൽ സംശയമുണ്ട്. രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതിനാൽ ഏപ്രിൽ 14 വരെ രാജ്യത്തേക്ക് ഇവരെ തിരികെ കൊണ്ടുവരാനാകുമോ എന്ന് സംശയമുണ്ട്. പക്ഷേ, ജോർദാനിൽത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബർ. ഇതിന് ഇന്ത്യൻ എംബസിയുടെ ഇടപെടൽ അത്യാവശ്യമാണ്. ഇതിനായി കേന്ദ്രസർക്കാരിൽ സംസ്ഥാനം സമ്മ‍ർദ്ദം ചെലുത്തണമെന്നും ഫിലിം ചേംബർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *