ഡല്‍ഹി: ഇന്ത്യയില്‍ ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14933 പേര്‍ക്ക് രോഗം ബാധിച്ചു. രാജ്യത്ത് ഇതുവരെ 440215 പേരാണ് രോഗബാധിതരായത്. 312 പേരാണ് ഇന്നലെ മാത്രം രോഗബാധിതരായി മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,011 ആയി ഉയര്‍ന്നു. 1,78,014 ആളുകള്‍ ചികിത്സയിലുണ്ട്.

പുതിയ കേസുകളുടെ 62.54 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 9340 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 2710 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. 37 പേര്‍ കൂടി മരിച്ചു. സംസ്ഥാനത്തെ ആകെ കേസുകള്‍ 62,087 ആയി ഉയര്‍ന്നു. മരണം 794 ആയി. 27,178 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തമിഴ്‌നാട്ടിലെ കൂടുതല്‍ ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മധുരയും വെല്ലൂര്‍, റാണിപേട്ട് ജില്ലകളും പൂര്‍ണ്ണമായി അടച്ചിടും.

മഹാരാഷ്ട്രയില്‍ പുതുതായി 3721 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തി മുപ്പത്തി അയ്യായിരം കടന്നു. ആകെ മരണം 6283 ആയി. കര്‍ണാടകയില്‍ ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകറിന്റെ ഭാര്യക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം മന്ത്രിയുടേയും രണ്ട് ആണ്‍മക്കളുടേയും പരിശോധനാഫലം നെഗറ്റീവാണ്. മന്ത്രിയുടെ അച്ഛന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എല്ലാവര്‍ക്കും പരിശോധന നടത്തിയത്.

അതേ സമയം രോഗമുക്തി നിരക്ക് 56.37 ശതമാനമായത് ആശ്വാസകരമാണ്. രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായാണ് തുടരുന്നത്. 24 മണിക്കൂറിനിടെ 10994 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 2,48,189 ആയി. ചികിത്സയിലുള്ളവര്‍ 178014 ആണ്. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 56.37 ശതമാനമായി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *