ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിക്കുന്നു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 7,19,665 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. വെറും അഞ്ച് ദിവസം കൊണ്ടാണ് രാജ്യത്ത് ഒരു ലക്ഷത്തിലധികം കേസുകള്‍ വര്‍ധിച്ചത്. ജൂലൈ 2ന് ഇന്ത്യയിലെ കൊവിഡ് പോസിറ്റീവ് കേസുകള്‍ ആറ് ലക്ഷം കടന്നിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 24,248 കോവിഡ് കേസുകള്‍. 467 പേരാണ് ഈ സമയത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം ഇരുപതിനായിരം കടന്നു. ഇത് വരെ 20,160 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,53,287 ആളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,24,432 ആളുകള്‍ രോഗമുക്തരായി. രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിക്കുന്നതിന്റെ ശതമാനം 6.73 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം, രോഗമുക്തി നിരക്ക് 61.13 ശതമാനത്തിലെത്തിനില്‍ക്കുന്നത് രാജ്യത്തിന് ആശ്വാസമേകുന്നുണ്ട്. 4,39,947 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്.

നിരവധി സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിക്കും താഴെയാണ് പുതിയ കേസുകള്‍ സ്ഥിരീകരിക്കുന്നതെന്നും മന്ത്രാലയം വിശദികരിച്ചു. രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 2,06,619 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. 8,822 പേര്‍ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 1,14,978 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേര്‍ രോഗബാധയേ തുടര്‍ന്ന് മരിച്ചു. 3,827 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയിലും ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,379 പേരിലാണ് ഡല്‍ഹിയില്‍ പുതിയതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,823 ആയി. 48 പേരുടെ മരണം കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. 3,115 പേരാണ് ഇതുവരെ കോവിഡ് ബാധയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *