ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഏറ്റവും അവസാനം പുറത്തുവന്ന കണക്കുകളനുസരിച്ച് കോവിഡ് രോഗികളുടെ എണ്ണം 6,25,544 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 20,903 പേര്‍ക്കാണ്. 379 പേര്‍ മരിച്ചു. ഇതോടെ 18,213 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിലൊന്നായ ഡല്‍ഹി എന്‍സിആര്‍ മേഖലയ്ക്ക് കോവിഡ് പ്രതിരോധത്തിന് പ്രത്യേക കര്‍മ്മപദ്ധതിക്ക് തീരുമാനമായി. യുപി, ഡല്‍ഹി, ഹരിയാന മുഖ്യമന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ യോഗത്തെ തുടര്‍ന്നാണ് ഈ തീരുമാനം. യുപി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധനകള്‍ കൂട്ടാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്രം ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കും ടെസ്റ്റിംഗിനായി കൂടുതല്‍ കിറ്റുകള്‍ നല്‍കുകയും രോഗികളെ നേരത്തെ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും. മൂന്നു സംസ്ഥാനങ്ങളിലെയും ചെറുകിട ആശുപത്രികള്‍ക്ക് ഡല്‍ഹി എംയിസിലെ ഡോക്ടര്‍മാരില്‍ നിന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട സാഹചര്യമാണ് ഡല്‍ഹി ഉള്‍പ്പെടെ ദേശീയ തലസ്ഥാന മേഖല മുഴുവന്‍ ഉള്ളത്.

ഡല്‍ഹിയില്‍ ഇന്നലെ 2373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയിലും 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ ആദ്യമായി ഒരു ദിവസത്തെ കോവിഡ് കേസുകള്‍ 4000 കടന്നു. 4343 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 1,86,626 ആയി ഉയര്‍ന്നു. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ രാജ്യത്താകെ പ്രതിദിന കണക്ക് 20,000 കടന്നു.

Leave a Reply

Your email address will not be published. Required fields are marked *