ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി അതീവ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14,516 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 375 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,95,048 ആയി ഉയര്‍ന്നു. രാജ്യത്ത് ആകെ കോവിഡ് മരണം 12,948 ആയി.

എന്നാല്‍ ആശ്വാസകരമായ കാര്യം രോഗമുക്തി നിരക്ക് ഉയര്‍ന്നുവെന്നതാണ്. രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായി തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 14,516 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 54.12 ശതമാനം ആയി ഉയര്‍ന്നു. ഇത് വരെ 2,13,831 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.

കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയുടേതാണ് നിര്‍ദേശം.

ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത് ഒറ്റ ദിവസം രോഗം ബാധിക്കുന്നവരുടെ എണ്ണം മൂവായിരം കടന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 3,137 പേര്‍ക്കാണ് ഇതോടെ ആകെ രോഗബാധിതര്‍ അമ്പത്തി മൂവായിരത്തി നൂറ്റി പതിനാറായി. ഇന്നലെ മാത്രം 66 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മാത്രം 12,680 കോവിഡ് പരിശോധനകള്‍ നടത്തിയെന്നാണ് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അറിയിക്കുന്നത്.

തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ 54,000 കടന്നു. ആകെ പോസിറ്റീവ് കേസുകള്‍ 54,449ഉം മരണം 666ഉം ആയി. ചെന്നൈയില്‍ ആകെ രോഗബാധിതര്‍ 38,327 ആണ്. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 540 പുതിയ കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 26,198 ആണ്. ഇതുവരെ 1619 പേര്‍ മരിച്ചു. ഹരിയാനയില്‍ 525 പേര്‍ക്കും തെലങ്കാനയില്‍ 499 പേര്‍ക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *