വെബ്ഡസ്ക്:
040920/10:48

റെയിൽവേ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാൻ തന്ത്രപരമായ നടപടിയുമായി കേന്ദ്രസർക്കാർ. റെയിൽവേ ബോർഡ് അഴിച്ചുപണിതും നിർമാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും ആണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. ഓഹരിവിൽപ്പന ഉടൻ തുടങ്ങാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റെയിൽവേ ബോർഡ് ചെയർമാനെ സിഇഒ ആയി നിയമിച്ചു. നിലവിലുള്ള ചെയർമാൻ വികെ യാദവ് തന്നെ ആയിരിയ്ക്കും ആദ്യ സിഇഒ ആയി ചുമതലയേക്കുക.

അതേസമയം, സ്റ്റാഫ്, എഞ്ചിനിയറിംഗ്, മെറ്റീരിയൽസ് മാനേജ്മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോർഡ് അംഗങ്ങളുടെ തസ്തിക റദ്ദാക്കി. റെയിൽവേ ബോർഡ് അഴിച്ചുപണിയുക എന്ന ലക്ഷ്യമാണ് ഇതോടെ കേന്ദ്രസർക്കാർ യാഥാർത്ഥ്യമാക്കിയത്. റെയിൽവേയുടെ ഏഴ് നിർമാണ ഫാക്ടറികൾ ഇന്ത്യൻ റെയിൽവേയ്സ് റോളിംഗ് സ്റ്റോക്ക് കമ്പനി എന്ന ഒറ്റകമ്പനിയായാകും ഇനി പ്രവർത്തിക്കുക. സ്വകാര്യവത്ക്കരണ നീക്കങ്ങളുടെ ഭാഗമായി ഓഹരിവിൽപ്പന ഉടൻ തുടങ്ങും. വിവിധ സ്ഥലങ്ങളിലെ റെയിൽവേ ഭൂമി ദീർഘകാലത്തേയ്ക്ക് പാട്ടത്തിനു നൽകാനും തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യത്തിലേയ്ക്കും ഉടൻ റെയിൽവേ കടക്കും. മൂന്നരലക്ഷം തസ്തികയാണ് ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *