ഡല്‍ഹി: അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ലഡാക്ക് സന്ദര്‍ശിക്കുന്നു. അല്‍പസമയം മുമ്പ് പ്രധാനമന്ത്രി ലേയിലെത്തി. അതിര്‍ത്തി സംഘര്‍ഷങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് മോഡിയുടെ യാത്ര. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി അതിര്‍ത്തിയില്‍ എത്തിയത്.

സേനാംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. അതിര്‍ത്തിയിലെ സേനാ വിന്യാസം പ്രധാനമന്ത്രി വിലയിരുത്തി. സാമൂഹിക അകലം പാലിച്ച് പ്രധാമന്ത്രിക്കൊപ്പമുള്ള സൈനികരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെയടക്കം പ്രധാനമന്ത്രി സന്ദര്‍ശിക്കും. ലേയിലെ സൈനിക ആശുപത്രിയിലെത്തിയാകും സൈനികരെ സന്ദര്‍ശിക്കുക.

അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നടന്ന് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ലെ യിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നിമുവില്‍ എത്തി. കരസേനയുടെയും വ്യോമസേനയുടെയും ഐടിബിപിയുടെയും ജവാന്‍മാരെ കണ്ടു. 14 കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് സ്ഥിതി വിശദീകരിച്ചു. അതിര്‍ത്തിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നേരിട്ടു വിലയിരുത്തിയേക്കും.

ഇന്നലെ വരെ പ്രതിരോധ മന്ത്രിയാവും ലേയില്‍ സന്ദര്‍ശനം നടത്തുക എന്നതായിരുന്നു വിവരം. അതിനു വേണ്ട ഒരുക്കങ്ങള്‍ അവിടെ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം മാറ്റിവച്ചു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം സന്ദര്‍ശനം മാറ്റിവച്ചത് എന്നതിനെപ്പറ്റി അഭ്യൂഹങ്ങളും പരന്നു. പ്രധാനമന്ത്രി അവിടേക്ക് പോകുന്നു എന്ന തരത്തില്‍ യാതൊരു വാര്‍ത്തയും വന്നിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *