ഇന്ത്യ-പാകിസ്താൻ പരമ്പര നടക്കില്ലെന്ന് മുൻ താരം സുനിൽ ഗവാസ്കർ. അക്തറിൻ്റെ നിർദ്ദേശത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ഇന്ത്യ-പാക് പരമ്പരയെപ്പറ്റി മുൻ പാക് താരം റമീസ് രാജയുടെ ചോദ്യത്തിനു മറുപടി ആയാണ് ഗവാസ്കർ പരമ്പര നടക്കില്ലെന്നറിയിച്ചത്. എസിസി, ഐസിസി ടൂർണമെൻ്റുകളിൽ പരസ്പരം ഏറ്റുമുട്ടുമെങ്കിലും ഇരു രാജ്യങ്ങളും മാത്രമുള്ള സീരീസ് നടക്കില്ലെന്നായിരുന്നു ഗവാസ്കറിൻ്റെ പ്രസ്താവന.

“ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരയെക്കാൾ ലാഹോറിൽ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്. ലോകകപ്പുകളിലും ഐസിസി ടൂർണമെൻ്റുകളിലും പരസ്പരം കളിക്കുമെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര നടക്കില്ല”- ഗവാസ്കർ പറഞ്ഞു.

മുൻ പാക് താരം ഷൊഐബ് അക്തറാണ് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ-പാക് പരമ്പര നടത്താമെന്ന് ആദ്യം അറിയിച്ചത്. രണ്ട് രാജ്യങ്ങളുടെയും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടത്താം എന്നായിരുന്നു നേരത്തെ അക്തറിൻ്റെ നിർദ്ദേശം. പാകിസ്താന് 10000 വെൻ്റിലേറ്ററുകൾ സംഭാവന നൽകിയാൽ ഇന്ത്യയെ പാക് ജനത ഒരിക്കലും മറക്കില്ലെന്നും അക്തർ പറഞ്ഞിരുന്നു. ഇതിനെതിരെ മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് രംഗത്തെത്തി. ഇന്ത്യക്ക് പണം ആവശ്യമില്ലെന്നും ബിസിസിഐ സാമ്പത്തികമായി കരുത്തരാണെന്നുമായിരുന്നു കപിലിൻ്റെ മറുപടി. കൊറോണ കാലത്ത് മത്സരങ്ങൾ നടത്തുന്നത് കളിക്കാരുടെ സുരക്ഷക്ക് ഭീഷണിയാകുമെന്നും കപിൽ പറഞ്ഞു.

കപിലിനു മറുപടിയുമായി അക്തർ വീണ്ടും രംഗത്തെത്തി. കപിലിനു പണം ആവശ്യമില്ലായിരിക്കുമെന്നും മറ്റുള്ളവർക്ക് അങ്ങനെയല്ലെന്നും അക്തർ വിശദീകരിച്ചു. അക്തറിനെ പിന്തുണച്ച് മുൻ പാക് താരം ഷാഹിദ് അഫ്രീദിയും കപിലിനെ വിമർശിച്ചു. കപിലിൻ്റെ മറുപടി തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ഇന്ത്യക്കാരുടെ ചിത്രങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും അഫ്രീദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *