സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളിൽ ഏഴ്പേരെ കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പേർക്കും ദോഹയിൽ നിന്ന് കരിപ്പൂരിലെത്തിയ ഒരാൾക്കുമാണ് രോഗലക്ഷണം കണ്ടെത്തിയത്.

കൊച്ചിയിലെത്തിയവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും കരിപ്പൂരിലെത്തിയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയത്. ആരോഗ്യ പരിശോധനയിൽ രോഗബാധയുണ്ടെന്ന സംശയം തോന്നിയ 5 പേരെ അബുദാബി വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചിരുന്നു.

അബുദാബിയില്‍ നിന്നും രണ്ട് കൈക്കുഞ്ഞുങ്ങളുള്‍പ്പെടെ 175 യാത്രക്കാരുമായാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. രാത്രി 8.39 നായിരുന്നു വിമാനം ലാൻഡ് ചെയ്തത്. തൃശ്ശൂർ, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് യാത്രക്കാരില്‍ അധികവും.

സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ നേരിട്ട് ആശുപത്രികളിലേക്ക് പോകരുതെന്നും ചികിത്സ ആവശ്യമുള്ളവർ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് ദമാമില്‍ നിന്നും ക്വാലാലംപൂരില്‍ നിന്നുമുള്ള രണ്ട് വിമാനങ്ങള്‍ കൂടി കൊച്ചിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *