കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ പൂർണമായി ഉപേക്ഷിച്ചെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കൊവിഡ് മൂലം തെരഞ്ഞെടുപ്പ് നടത്തുന്നതിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ സാഹചര്യം വിലയിരുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.
കൊവിഡ് രോഗം വ്യാപനവും ലോക്ക്ഡൗണും നിലനിൽക്കുന്നതിനാൽ കുട്ടനാട്, ചവറ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പുകൾ എന്ന് നടത്താൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു ടിക്കാറാം മീണയുടെ പ്രതികരണം. അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനാണെന്നും മെയ് മൂന്നിന് ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ സാഹചര്യം വിലയിരുത്തുമെന്നും ടിക്കറാം മീണ. നിയമസഭയ്ക്ക് ഒരു വർഷമെങ്കിലും കാലാവധി ബാക്കിയുണ്ടെങ്കിലേ ഉപതിരഞ്ഞെടുപ്പുകൾ നടത്താനാവുകയുള്ളൂ. 2021 മെയ് 25നാണ് പിണറായി വിജയൻ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. മെയ് മൂന്നിന് ലോക്ക്ഡൗൺ അവസാനിച്ചാലും ജനജീവിതം സാധാരണ നിലയിലാവാൻ പിന്നെയും സമയമെടുക്കുമെന്നുള്ളതാണ് നിലവിലുള്ള പ്രതിസന്ധി. തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള കുട്ടനാട് ഉപതിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയം നടക്കുന്നതിനിടെയാണ് കൊവിഡ് ബാധ ആരംഭിച്ചത്. ചവറയിൽ വിജയൻപിള്ളയുടെ വേർപാടും കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുൻപായിരുന്നു.