രാജേഷ് തിലങ്കരി എഴുതുന്നു
മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് എന്തുകൊണ്ട് ?
ദേശീയ രാഷ്ട്രീയത്തിൽ പ്രത്യേക റോളുകളൊന്നുമില്ലാതിരുന്ന കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നുവെന്ന വാർത്ത കുറച്ചുനാളായി സജീവ ചർച്ചയിലാണ്.
മലപ്പുറം എം പിയായിരുന്ന ഇ അഹമ്മദിന്റെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്നും മൽസരിച്ച് പാർലമെന്റിലെത്തുന്നത്. തുടർന്നു കഴിഞ്ഞ വർഷം നടന്ന പാർലമെന്റ് ഇലക്ഷനിലും കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് പോയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടി അധികം ഇടപെടാതായി. കോൺഗ്രസ് ദേശീയതലത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നായിരുന്നു മുസ്ലിംലീഗിന്റെ കണക്കുട്ടൽ. അങ്ങിനെ വന്നാൽ കേന്ദ്ര മന്ത്രി സഭയിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള നേതാവ് എന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടി വീണ്ടും പാർലമെന്റിലേക്ക് മൽസരിച്ചത്. എന്നാൽ ഭരണം വീണ്ടും മോദിയുടെ കൈയ്യിൽ തന്നെ വന്നതോടെ കുഞ്ഞാലിക്കുട്ടിക്ക് എം പി സ്ഥാനം കയ്ച്ചുതുടങ്ങിയിരുന്നു.
ദേശീയതലത്തിൽ ഏറെ പ്രതിഷേധമുണ്ടാക്കിയ പൗരത്വ ബില്ലിന്റെ അവതരണം പോലുള്ള നിർണായക ദിനങ്ങളിൽ പോലും പാർലമെന്റിൽ ശബ്ദമാവാൻ പറ്റാതെ പോയതോടെ പി കെ കുഞ്ഞാലിക്കുട്ടിക്ക് ഡൽഹി മടുത്തു തുടങ്ങിയിരുന്നു. ഈയടുത്ത കാലത്ത് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന്റെ സൂചനയായിരുന്നു.
കുഞ്ഞാലിക്കുട്ടിയില്ലാത്ത യു ഡി എഫ് ശക്തമാവില്ലെന്ന തിരിച്ചറിവ് മുസ്ലിംലീഗിന് നേതൃത്വത്തിന് അറിയാം. പാണക്കാട്ടു നിന്നുമുള്ള ഔദ്യോഗിക അറിയിപ്പുമാത്രമേ വരാനുണ്ടായിരുന്നുള്ളൂ.
തിരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് മുസ്ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ എം കെ മുനീറാണ് നിയമ സഭയിൽ ലീഗ് നേതാവ്. യു ഡി എഫ് അധികാരത്തിലെത്തുകയും മുസ്ലിംലീഗിന് എം എൽ എ മാർ വർദ്ധിക്കുകയും ചെയ്താൽ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി പദത്തിലേക്ക് വരാനാണ് സാധ്യത. ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ കെൽപ്പുള്ള നേതാവ് നിലവിൽ കുഞ്ഞാലിക്കുട്ടി മാത്രമേയുള്ളൂ എന്നതും കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിന് കാരണമായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
സംസ്ഥാന രാഷ്ട്രീയത്തിൽ കരുത്തരായ നേതാക്കളായിരുന്നു ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും കേരളാ കോൺഗ്രസ് നേതാവ് കെ എം മാണിയും. കെ എം മാണിയുടെ മരണവും കുഞ്ഞാലികുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് വഴിമാറിയതും യു ഡി എഫിന്റെ ശക്തി ക്ഷയിപ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തുന്നത് മുസ്ലിംലീഗിന് മാത്രമല്ല യു ഡി എഫിന് പൊതുവെ വരാനിരിക്കുന്ന പഞ്ചായത്ത് , നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ കരുത്തുപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രതികരണം.