എറണാകുളത്ത് ലോക്ക് ഡൗണിന് ഭാഗിക ഇളവ് നൽകുമ്പോഴും ഹോട്ട്‌സ്‌പോട്ടിൽ പൊലീസിന്റെ കർശന പരിശോധന. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ഹോട്ട്‌സ്‌പോട്ടിൽ പൊലീസ് നിരീക്ഷണം നടത്തിയത്. മാസ്‌ക്ക് വയ്ക്കാതെ പുറത്തിറങ്ങിയ 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ട് സ്‌പോട്ടുകളായ ചുള്ളിക്കൽ, കത്രിക്കടവ് എന്നിവിടങ്ങളിൽ കൂടുതൽ പൊലീസുകാരെ കാവൽ നിർത്തിയിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകളിൽ ജനങ്ങൾ വീടുവിട്ടിറങ്ങാതിരിക്കാൻ അവശ്യ സാധനങ്ങളടക്കം വീടുകളിൽ എത്തിച്ച് നൽകാനാണ് പൊലീസ് ശ്രമിക്കുന്നത്.

അതേസമയം കൊച്ചി പള്ളുരുത്തിയിൽ ലോക്ക് ഡൗൺ ലംഘിച്ച് നൂറ് കണക്കിനാളുകൾ മീൻ പിടിക്കാനിറങ്ങി. മത്സ്യ കൃഷി നടത്തുന്ന കണ്ടങ്ങളിൽ പാട്ട കരാർ അവസാനിച്ചതോടെയാണ് ആളുകൾ കൂട്ടമായി മീൻ പിടിക്കാൻ ഇറങ്ങിയത്. ലോക്ക് ഡൗൺ ലംഘിച്ചതിന് നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തു.

ജനം കൂട്ടമായി മീൻ പിടിക്കാനിറങ്ങിയതറിഞ്ഞ് പൊലീസ് എത്തി. എന്നാൽ ആരും തന്നെ കരയിൽ കയറാൻ തയാറായില്ല. പിന്നീട് കരയിലെത്തുന്നവരെ പിടികൂടാൻ പൊലീസ് കാത്തിരുന്നു. കരയിൽ കയറിയവരെയെല്ലാം പിടികൂടി കേസെടുത്തു. ചില വിരുതൻമാരൊക്കെ പൊലീസിനെ കമ്പളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. മത്സ്യ കൃഷി നടത്തിയിരുന്ന കണ്ടങ്ങളിൽ പാട്ട കാലാവധി കഴിഞ്ഞതോടെയാണ് ജനം കൂട്ടമായി മീൻ പിടിക്കാൻ ഇറങ്ങിയത്. മീൻ പിടിക്കുന്നത് നോക്കി നിൽക്കാനും നിരവധി പേർ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *