എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ലോക്ക്ഡൗണിനുശേഷം മാത്രം. ലോക്ക്ഡൗണിനുശേഷം സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാല്‍ മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ മെയ് 21 നും 29 നും ഇടയില്‍ നടത്തും. എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിയുമോയെന്ന് പ്രിന്‍സിപ്പൽ വഴി അന്വേഷണം നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

ലോക്ക്ഡൗണിനുശേഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാല്‍ മെയ് 21 നും 29നും ഇടയില്‍ പരീക്ഷ നടത്താന്‍ യോഗം തീരുമാനിച്ചു. പരീക്ഷയ്ക്ക് കുട്ടികളും, അധ്യാപകരും സ്‌കൂളുകളില്‍ എത്തിച്ചേരുന്നതിന് മതിയായ യാത്രാ സംവിധാനം ഉറപ്പാക്കും. നിലവില്‍ ചില സ്‌കൂളുകള്‍ കൊവിഡ് സെന്ററായി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം പരീക്ഷാകേന്ദ്രങ്ങള്‍ക്ക് പകരം മറ്റ് സംവിധാനം ആലോചിക്കും. എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാന്‍ സാധിക്കുന്ന സാഹചര്യമുണ്ടോ എന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വഴി ജില്ലാതലത്തില്‍ അന്വേഷിക്കും. പരീക്ഷക്ക് ഏതെങ്കിലും കുട്ടികള്‍ക്ക് എത്തിചേരാനാകാത്ത സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അത് പരിഹരിക്കാന്‍ വേണ്ട നടപടിയെടുക്കും.

ലോക്ക്ഡൗണിനുശേഷം മാത്രമേ എസ്എസ്എല്‍സി മൂല്യനിര്‍ണയം തുടങ്ങുകയുള്ളൂ. എന്നാല്‍ ഹയര്‍ സെക്കൻഡറി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം മെയ് 13 നു തുടങ്ങും. സാധ്യമാകുന്ന അധ്യാപകര്‍ മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെത്തുന്നതിനുള്ള നിര്‍ദ്ദേശമായിരിക്കും നല്‍കുക. കൊവിഡ് ഡ്യൂട്ടിക്ക് എല്‍പി, യുപി അധ്യാപകരെ നിയമിക്കുന്നതിന് ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *