ഡൽഹി : ഏപ്രില്‍ 14 ന് ലോക്ഡൗണ്‍ അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു.
മുഖ്യമന്ത്രിയുമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് അവസാനിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റ് ചര്‍ച്ചയായതോടെ അദ്ദേഹം അത് ഡിലീറ്റ് ചെയ്തിട്ടുണ്ട്.


ഏപ്രില്‍ 14 ന് ലോക്ഡൗണ്‍ അവസാനിക്കുമെങ്കിലും സഞ്ചാര സ്വാതന്ത്ര്യത്തില്‍ നിയന്ത്രണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചതായിട്ടായിരുന്നു അദ്ദേഹം ട്വീറ്റില്‍ പറഞ്ഞത്.
ലോക്ക് ഡൗണിന് ശേഷവും കൊവിഡ് വ്യാപനം തടയുന്നതിനുള്ള സുരക്ഷാ സന്നാഹം തുടരണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദീര്‍ഘകാല പോരാട്ടത്തിന് ഒരുങ്ങണമെന്ന ആഹ്വാനവും പ്രധാനമന്ത്രി നല്‍കി.

തുടര്‍ന്നും ഉത്തരവാദിത്വത്തോടെ എല്ലാവരും പെരുമാറണം. സാമൂഹ്യ അകലം പാലിക്കുക, ശുചിത്വം, മാസ്‌ക്കുകളുടെ ഉപയോഗം എന്നിവ തുടരണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

‘അടുത്ത ആഴ്ചയിലെ നമ്മുടെ മുന്‍ഗണന, ടെസ്റ്റ്, ട്രേസിങ്, ക്വാറന്റൈന്‍, ഐസൊലേഷന്‍ എന്നിവയിലായിരിക്കുമെന്നും എല്ലാ സംസ്ഥാനങ്ങളും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇതിനായി ഓരോ സംസ്ഥാനങ്ങളും ജില്ലാതല നിരീക്ഷണ ഉദ്യോഗസ്ഥരെ എത്രയും വേഗം നിയമിക്കണമെന്നും അതുപോലെ തന്നെ ടെസ്റ്റിങ്ങിനായി അനുവദിച്ച ലാബുകളില്‍ നിന്ന് ശേഖരിക്കുന്ന ഡാറ്റകള്‍ ജില്ലാ അടിസ്ഥാനത്തില്‍ തന്നെ ഉപയോഗപ്പെടുത്തണമെന്നും വൈറസിനെ എങ്ങനെ നേരിടാമെന്ന ആലോചനകള്‍ സംസ്ഥാനങ്ങള്‍ നടത്തണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *