കൊവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ സർക്കാർ ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന ഐടി കമ്പനികൾക്കും മറ്റു സ്ഥാപനങ്ങൾക്കും സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു. 10000 സ്ക്വയർ ഫീറ്റ് വരെ വാടകയ്ക്ക് എടുത്തിരിക്കുന്ന കമ്പനികൾക്ക് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വാടക ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന എല്ലാ ഇൻക്യുബേഷൻ സെൻ്ററുകളേയും ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വാടക നൽകുന്നതിൽ നിന്നും ഒഴിവാക്കി. പതിനായിരം സ്ക്വയർ ഫീറ്റിനു മുകളിൽ സ്ഥലം വാടകയ്ക്ക് എടുത്തിരിക്കുന്ന കമ്പനികൾ നൽകേണ്ട വാടകയ്ക്ക് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മൊററ്റോറിയം ഏർപ്പെടുത്തി. ആ വാടക ജൂലൈ , ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ പിഴയോ സർചാർജോ ഇല്ലാതെ അടയ്ക്കാവുന്നതാണ്.

സർക്കാർ ഐടി പാർക്കുകളിൽ സർക്കാർ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറൻ്റുകൾ ഉൾപ്പെടെയുള്ള ഐടി ഇതര സ്ഥാപനങ്ങളും ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ വാടക നൽകേണ്ടതില്ല. ഐടി പാർക്കുകളിലെ സർക്കാർ ബിൽഡിങ്ങുകളിൽ പ്രവർത്തിക്കുന്ന ഐടി /ഐടി ഇതര സ്ഥാപനങ്ങൾ വാർഷികമായി വാടകയിൽ വരുന്ന 5% വർദ്ധനവ് 2020-21 സാമ്പത്തിക വർഷം നൽകേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *