ഓണ്‍ലൈന്‍ സംവിധാനം എല്ലായിടത്തും എത്താന്‍ രണ്ടാഴ്ച വരെ സമയമെടുക്കുമെന്ന വിലയിരുത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം

സംസ്ഥാനത്തെ സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ രണ്ടാഴ്ച നീട്ടി. രണ്ടാഴ്ചക്ക് ശേഷം ഇതുവരെയുള്ള ക്ലാസുകള്‍ പുനസംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍ സംവിധാനം എല്ലായിടത്തും എത്താന്‍ രണ്ടാഴ്ച വരെ സമയമെടുക്കുമെന്ന വിലയിരുത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം.

ജൂണ്‍ 1 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഒരാഴ്ച ട്രയല്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ കഴിയാത്തവര്‍ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ മനസിലാക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്ത ആദിവാസി വിദ്യാര്‍ഥി ആത്മഹത്യ സംഭവവും അതിനെതിരായ പ്രതിഷേധങ്ങളും മന്ത്രിസഭയുടെ പരിഗണനയില്‍ വന്നു. ഈ സാഹചര്യത്തിലാണ് ട്രയല്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനിച്ചത്. ജൂണ് 14 വരെ ട്രയല്‍ റണ്‍ ആയിരിക്കും. ഈ കാലയളവില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ 14ന് ശേഷം പുനസംപ്രേഷണം ചെയ്യാനാണ് തീരുമാനം.

ഈ കാലയളവ് കൊണ്ട് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്തവര്‍ക്ക് ലാപ്ടോപോ ടിവിയോ ഉപയോഗിച്ച് ബദല്‍ സംവിധാനമൊരുക്കും. ഐടി അറ്റ് സ്കൂളിന് കീഴിലുള്ള 1.20 ലാപ്ടോപും 70000 പ്രൊജക്ടറുകളും 4545 ടിവികളും ഇതിനായി ഉപയോഗിക്കാനുള്ള നിര്‍ദേശങ്ങള്‍ ഇന്നലെ തന്നെ കൈറ്റ് പുറത്തിറക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളും സ്കൂളും സഹകരിച്ച് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കുടുംബശ്രീ തുടങ്ങിയ മറ്റ് സന്നദ്ധ സംഘടനകളുടെ സഹകരണവും തേടും. പുതിയ സാഹചര്യത്തില്‍ ജൂണ്‍ 15 മുതലാകും സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഔദ്യോഗികമായി ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *