കണ്ണൂര്‍: വീണ്ടും കണ്ണൂരില്‍ കോവിഡ് മരണം. മരിച്ചത് 28 വയസ് മാത്രം പ്രായമായ പടിയൂര്‍ സ്വദേശി കെപി സുനില്‍ എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ എവിടെ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റത് എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മരിച്ച സുനില്‍ മട്ടന്നൂര്‍ റേഞ്ച് എക്സൈസ് ഓഫിസിലെ ഡ്രൈവറാണ്.

ജൂണ്‍ മൂന്നാം തിയതി ഇദ്ദേഹം എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ പ്രതിയുമായി ജില്ലാ ആശുപത്രിയില്‍ പോയിരുന്നു. ഇവിടെ അന്നേ ദിവസം മറ്റൊരു വ്യക്തി കോവിഡ് ടെസ്റ്റിനായി വന്നിരുന്നു. ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സൂചന. തുടര്‍ന്ന് 12 ആം തിയതിയാണ് ഇദ്ദേഹത്തിന് പനി അനുഭവപ്പെടുന്നത്.

ജൂണ്‍ 14-ാം തിയതി ഇരിക്കൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയും പിന്നീട് പരിയാരം മെഡക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ഇദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത് കടുത്ത ന്യുമോണിയയാണ്. മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളോ രോഗങ്ങളോ ഉണ്ടായിരുന്നില്ല. ഇദ്ദേഹം ബസ് ഡ്രൈവറായും ലോറി ഡ്രൈവറായുമെല്ലാം ജോലി നോക്കിയിരുന്നു. എക്സൈസ് വകുപ്പില്‍ ജോലി നേടുന്നത് കഴിഞ്ഞ വര്‍ഷം നവംബര്‍ 12നാണ്.

ഈ മരണത്തോടെ കണ്ണൂരില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. എക്സൈസ് ഓഫിസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മട്ടന്നൂര്‍ റേഞ്ച് ഓഫിസിലെ എല്ലാ ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പോകാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *