കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അഞ്ച് മുനിസിപ്പാലിറ്റികളും 19 പഞ്ചായത്തുകളുമാണ് പട്ടികയിലുള്ളത്. കൊറോണ പോസിറ്റീവ് കേസുകള്‍, പ്രൈമറി-സെക്കന്ററി കോണ്‍ക്ടാക്റ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.
കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂര്‍, തലശേരി, പാനൂര്‍ മുന്‍സിപ്പാലിറ്റികളും പാട്യം, മാടായി, നടുവില്‍, പെരളശേരി, കോട്ടയം, ചിറ്റാരിപ്പറമ്പ, കുന്നോത്തുപറമ്പ്, പാപ്പിനിശ്ശേരി, മാട്ടൂല്‍, ചെമ്പിലോട്, മാങ്ങാട്ടിടം, ഏഴോം, എരുവേശ്ശി, ന്യൂമാഹി, പന്ന്യന്നൂര്‍, കൂടാളി, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി പഞ്ചായത്തുകളുമാണ് ജില്ലയിലെ ഹോട്ട് സ്‌പോട്ടുകള്‍.

ഇവിടെ തെരഞ്ഞെടുക്കപ്പെട്ട മരുന്ന് ഷാപ്പുകളല്ലാത്ത മറ്റൊരു വ്യാപാര സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഏതൊക്കെ മരുന്നു ഷാപ്പുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ തീരുമാനിക്കും. ബാങ്കുകളും പ്രവര്‍ത്തിക്കില്ല. റേഷന്‍ ഷാപ്പുകളില്‍ നിന്ന് ഹോം ഡെലിവറിയിലൂടെ മാത്രമേ സാധനങ്ങള്‍ വിതരണം ചെയ്യൂ. ആരും റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ റേഷന്‍ ഷോപ്പുകളിലേക്ക് പോവരുത്. കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിക്കും. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ഓഫീസുകളും പ്രവര്‍ത്തിക്കും. ഈ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് സഞ്ചാര വിലക്കില്ല. തദ്ദേശ സ്ഥാപനങ്ങള്‍ അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി ഉറപ്പുവരുത്തും. വീടുകളില്‍ വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് അത്യാവശ്യമുള്ള കടകള്‍ തുറക്കുമെങ്കിലും അവിടേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പൊതുജനങ്ങള്‍ പോകുന്നത് വിലക്കിയിട്ടുണ്ട്. സാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരെ പോലിസ് തടയില്ല. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, അവശ്യ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍, ജില്ലാ കലക്ടറുടെയോ ജില്ലാ പോലിസ് മേധാവിയുടെയോ പാസ്സുള്ള വളണ്ടിയര്‍മാര്‍ തുടങ്ങിയവരെയും യാത്ര ചെയ്യാന്‍ പോലിസ് അനുവദിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്കില്ല

Leave a Reply

Your email address will not be published. Required fields are marked *