കണ്ണൂരിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് ഐജി അശോക് യാദവ്. നിരീക്ഷണത്തിലുള്ളവരുടെ വീടുകൾക്ക് മുന്നിൽ പൊലീസ് പട്രോളിംഗ് ആരംഭിക്കും. ഹോട്ട്‌സ്‌പോട്ടുകളിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറക്കൂ.

ഇന്നലെ വരെ ട്രിപ്പിൾ ലോക്ക്ഡൗൺ സാഹചര്യമില്ലെന്ന വിലയിരുത്തലിലായിരുന്നു അധികൃതർ. എന്നാൽ കണ്ണൂരിൽ ഇന്നലെ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ലോക്ക്ഡൗൺ നിർദേശങ്ങൾ മറികടന്ന് ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം വന്നതോടെയും കടുത്ത നിയന്ത്രണ നടപടികളിലേക്ക് കടക്കാൻ ഭരണകൂടം നിർബന്ധിതരാവുകയായിരുന്നു.

ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ അജ്മാനിൽ നിന്നും എട്ടു പേർ ദുബായിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മാർച്ച് 18ന് ഐഎക്‌സ് 344 വിമാനത്തിൽ കരിപ്പൂർ വഴിയെത്തിയ ചെണ്ടയാട് സ്വദേശി (54), 19 ന് ഐഎക്‌സ് 346 വിമാനത്തിൽ കരിപ്പൂർ വഴിയെത്തിയ പാത്തിപ്പാലം സ്വദേശി (30), ചെറുവാഞ്ചേരി സ്വദേശി (29), ഇതേ നമ്പർ വിമാനത്തിൽ മാർച്ച് 20ന് കരിപ്പൂർ വഴിയെത്തിയ പെരിങ്ങത്തൂർ സ്വദേശി (25), മാർച്ച് 21ന് ഇകെ 568 വിമാനത്തിൽ ബംഗളൂരു വഴിയെത്തിയ ചമ്പാട് സ്വദേശി (64), ഷാർജയിൽ നിന്നുള്ള ഐഎക്‌സ് 746 വിമാനത്തിൽ കണ്ണൂർ എയർപോർട്ടിലെത്തിയ മുതിയങ്ങ സ്വദേശി (61), അജ്മാനിൽ നിന്ന് ദുബായി വഴി ഇകെ 566 വിമാനത്തിൽ ബംഗളൂരു വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി (39), എഐ 938 വിമാനത്തിൽ കരിപ്പൂർ വഴിയെത്തിയ മുഴപ്പിലങ്ങാട് സ്വദേശി (54), ചെണ്ടയാട് സ്വദേശി (31) എന്നിവരാണ് ഗൾഫിൽ നിന്നെത്തിയ രോഗബാധിതർ. കോട്ടയം മലബാർ സ്വദേശിയായ 32കാരിക്കാണ് സമ്പർക്കം വഴി രോഗബാധ ഉണ്ടായത്. 10 പേരും ഏപ്രിൽ 18ന് സ്രവപരിശോധനയ്ക്ക് വിധേയരായവരാണ്.

ഇതോടെ ജില്ലയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 104 ആയി. ഇതിൽ 49 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിൽ നിന്ന് ആറു പേരും തലശേരി ജനറൽ ആശുപത്രിയിൽ നിന്ന് ഒരാളും ഇന്നലെയാണ് ആശുപത്രി വിട്ടത്. ജില്ലയിൽ 4365 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 47 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും 12 പേർ ജില്ലാ ആശുപത്രിയിലും മൂന്ന് പേർ തലശേരി ജനറൽ ആശുപത്രിയിലും 40 പേർ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 4263 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയിൽ നിന്ന് 2342 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2128 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 1774 എണ്ണം നെഗറ്റീവ് ആണ്. 214 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *