കണ്ണൂരിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ക്വാറന്റൈനിലായത് രണ്ട് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരടക്കം 40 ജീവനക്കാരാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശത്ത് നിന്നെത്തിയവരെ കൊല്ലത്തേക്ക് കൊണ്ടുപോയ കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 10-ാം തീയ്യതി ഈ ഡ്രൈവര്‍ കണ്ണൂര്‍ ഡിപ്പോയിലെത്തയിരുന്നു. ഇതേതുടര്‍ന്ന് ബസും ഓഫീസുമടക്കം അണുവിമുക്തമാക്കി.
കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കും. സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഈ തീരുമാനം. ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മറ്റ് പ്രദേശങ്ങളിലും കൂടുതല്‍ നിയന്ത്രണമുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് ബാധിച്ച എയര്‍ ഇന്ത്യാ ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലും നിരവധി പേരുണ്ട്. മുഴക്കുന്നിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം.