കശ്മീരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ നടന്നു. ഇപ്പോള്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത് ജമ്മു- കശ്മീരിലെ ഷോപിയാനിലാണ്. പിഞ്ചോറയില് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
ഇതിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ആയുധം താഴെവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഭീകരന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് സേന വെടിവെയ്പ് നടത്തിയത്. ഭീകരരുടെ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. നേരത്തേയും കശ്മീരിലെ ഷോപിയാനില്‍ തന്നെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്.
കഴിഞ്ഞ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയുടെ കമാന്‍ഡര്‍ ഫറൂഖ് അസദ് നല്ലിയും ഒരു വിദേശിയും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ സൈന്യത്തിന് നേരെ കല്ലേറ് ഉണ്ടായെന്നും പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച ശേഷമാണ് ഭീകരരെ വധിക്കാന്‍ കഴിഞ്ഞതെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.