സ്വന്തം ലേഖകൻ:
050920/07:19

2020ൽ ഇടത്- വലത് മുന്നണികളെ തോൽപ്പിച്ച് കിഴക്കമ്പലം പഞ്ചായത്തിൽ ഭരണം പിടിച്ച കിറ്റക്സ് ഗ്രൂപ്പിൻറെ രക്ഷാകർതൃത്വത്തിലുള്ള ട്വന്റി-20 സമീപ പഞ്ചായത്തുകളിലേക്ക് നീങ്ങുന്നു. കിഴക്കമ്പലത്തിന്റെ സമീപ പഞ്ചായത്തുകളായ വെങ്ങോല, ഐക്കരനാട്, മഴുവന്നൂർ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് അവർ. ഇതിന്റെ ഭാഗമെന്നോണം ട്വന്റി -20 യെ രാഷ്ട്രീയപാർട്ടി രജിസ്‌ട്രേഷൻ നേടിയിരിക്കയാണ്. കിറ്റക്‌സ് എന്ന കോർപ്പറേറ്റ് കമ്പനി സമീപ പ്രദേശത്തെ പഞ്ചായത്തു സമിതികളെകൂടി നോട്ടമിട്ടതോടെ രാഷ്ട്രീയ നേതൃത്വം ജാഗരൂകരാവുകയാണ്.

കിറ്റക്സ് കമ്പനി ട്വന്റി-20 എന്ന സംഘടനയുടെ പിൻബലത്തിലാണ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. മൊത്തം 19 സീറ്റിൽ 17ലും ട്വന്റി -20യുടെ ലേബലിൽ മൽസരിച്ച കിറ്റക്സിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചു. ഇതോടെ കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം കിറ്റക്സ് പിടിച്ചെടുക്കുകയായിരുന്നു.

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ ഞെട്ടലാണുളവാക്കിയതായിരുന്നു കിറ്റക്സിന്റെ ഈ നീക്കം. കേരളത്തിൽ ആദ്യമായാണ് ജനാധിപത്യസംവിധാനത്തിൽ ഒരു കോർപ്പറേറ്റ് കമ്പനി കടന്നുവരുന്നതും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നതും. പഞ്ചായത്തിൽ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാർക്ക് മികച്ച ആനുകൂല്യങ്ങൾ നൽകി സുരക്ഷിതതാവളമാക്കി മാറ്റിയതോടെ കിറ്റക്സ് എന്ന കോർപ്പറേറ്റ് ഭീമന്റെ എല്ലാ താല്പര്യങ്ങളും സംരക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്ക് കിഴക്കമ്പലം പഞ്ചായത്ത് മാറി. പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ എല്ലാവർക്കും ട്വന്റി-20 യുടെ സൂപ്പർ മാർക്കറ്റിലൂടെ ഉപ്പുതൊട്ട് കർപ്പൂരംവരെ പകുതി വിലയ്ക്കും അതിൽ കുറഞ്ഞവിലയ്ക്കും നൽകാനും തുടങ്ങിയതോടെ കിഴക്കമ്പലം ദേശീയ ശ്രദ്ധപിടിച്ചു പറ്റി.

ഉലകനായകൻ കമലഹാസൻ തമിഴ്നാട്ടിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം കിഴക്കമ്പലം മാതൃകയിൽ ഭരണം നടത്തുമെന്നുപോലും പറയുകയുണ്ടായി. കിഴക്കമ്പലം സന്ദർശിച്ച കമലഹാസൻ ട്വന്റി -20 എന്ന സംഘടയെയും ഭരണത്തെയും ഏറെ പുകഴ്ത്തി.

കിഴക്കമ്പലത്ത് വൻ വികസനം എത്തിക്കുകയായിരുന്നു ട്വന്റി-20യുടെ പ്രധാന ലക്ഷ്യം. 2020 ൽ ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ കിഴക്കമ്പലം പഞ്ചായത്തിനെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു ട്വന്റി -20 എന്ന സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.

എന്നാൽ കിറ്റക്സിന്റെ മാനേജിംഗ് ഡയറക്ടർ സാബു എം ജേക്കബ്ബിന്റെ നിർദ്ദേശ പ്രകാരം മാത്രം നീങ്ങുന്ന ഒരു ഭരണസമിതിയായി പ്രവർത്തിക്കാൻ മാത്രമേ കിഴക്കമ്പലം പഞ്ചായത്ത് ഭരണ സമിതിക്ക് സാധിച്ചുള്ളൂ. അഞ്ചു വർഷം കൊണ്ട് പഞ്ചായത്തിനെ ഇന്ത്യക്ക് തന്നെ മാതൃകയാക്കി വളർത്തിയെടുക്കുമെന്നതു പ്രഖ്യാപനത്തിലൊതുങ്ങിയതോടെ പ്രസിഡന്റായിരുന്ന കെ വി ജേക്കബ്ബിനോട് രാജി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

കിറ്റക്സ് എം ഡി യുടെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനപ്പുറം മറ്റു വികസനപ്രവർത്തനങ്ങളൊന്നും പ്ലാൻ ചെയ്യാനോ നടപ്പാക്കാനോ പഞ്ചായത്ത് ഭരണ സമിതിക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ട്വന്റി-20 യുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് പ്രവർത്തിച്ചിരുന്ന സൂപ്പർ മാർക്കറ്റിലൂടെ പച്ചക്കറിമുതൽ പലവ്യഞ്ജനവും, സ്റ്റേഷനറി ഉൽപ്പന്നങ്ങളും മറ്റും വിൽക്കുന്നതിൽ മാത്രമായി പഞ്ചായത്ത് ഭരണ സമിതിയുടെ പ്രധാന പവർത്തനം. കിറ്റക്സ് കമ്പനിയുടെ സോഷ്യൽ റസ്പോൺസബിലിറ്റി ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിലെ ജനതയ്ക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിലൂടെ സാധന സാമഗ്രികളും ഭക്ഷണ സാധനങ്ങളും എത്തിച്ചു നൽകിയാണ് കിറ്റക്സ് വോട്ടു ബാങ്ക് സൃഷ്ടിക്കുന്നത്.

നിലവിലുള്ള പഞ്ചായത്ത് ഭരണ സമിതിയും കിറ്റക്സ് മാനേജ്മെന്റും തമ്മിലുണ്ടായിരുന്ന ബന്ധത്തിൽ അകൽച്ച വന്നതോടെ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കാൻ കിറ്റക്സ് മാനേജിംഗ് ഡയറക്ടർ തീരുമാനമെടുക്കുകയായിരുന്നു. കഴിഞ്ഞ നവംബർ മാസം പ്രസിഡന്റായിരരുന്ന കെ വി ജേക്കബ്ബിനോട് പ്രസിഡന്റ് പദവിയിൽ നിന്നും രാജിവച്ചൊഴിയാൻ കിറ്റക്സ് എം ഡി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഡിസംബർവരെ പ്രസിഡന്റ് കെ വി ജേക്കബ്ബ് സമയം ചോദിച്ചിരുന്നു.

2020 ജനുവരി ഒന്നിന് മുമ്പ് രാജി വച്ചില്ലെങ്കിൽ അവിശ്വാസത്തിലൂടെ ഒഴിവാക്കുമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പും നൽകിയിരുന്നു. കിറ്റക്സ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും നിരന്തരമായ ഭീഷണിയും ഉയർന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചൊഴിയാൻ അദ്ദേഹം സന്നദ്ധനായി. 2019 ഡിസംബർ 31 നു താൻ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവയ്ക്കുകയാണെന്ന് കാണിച്ച് സെക്രട്ടറിക്ക് എം ഡി തോമസ് കത്തു നൽകി.

ട്വന്റി -20 എന്ന സംഘടനയുടെ പേരിൽ ആളുകളെ പകുതി വിലയ്ക്ക് ഭക്ഷണ സാധനങ്ങൾ നൽകി കുപ്പിയിലിറക്കി കിറ്റക്സ് ഗാർമെന്റ്സ് കമ്പനി കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ജനാധിപത്യ സംവിധാനത്തെ പൂർണ്ണമായും വെല്ലുവിളിക്കുന്ന ഒരു രീതിയാണ് പിന്നീട് കിഴക്കമ്പലം പഞ്ചായത്തിൽ നടമാടിയത്. ജനാധിപത്യപരമായ ഒരു തീരുമാനവും പഞ്ചായത്തിൽ നടക്കില്ലെന്നു കോൺഗ്രസ് നേതൃത്വം അക്കാലത്തുതന്നെ ആരോപിച്ചിരുന്നു. എന്നാൽ കോൺഗ്രസ്സിന്റെ ആരോപണങ്ങളെല്ലാം ട്വന്റി -20 നേതൃത്വം തള്ളിക്കളയുകയായിരുന്നു. കിറ്റക്സിന്റെ കോർപ്പേറേറ്റ് ഭരണം അല്ല കിഴക്കമ്പലം പഞ്ചായത്തിൽ നടക്കുന്നതെന്നും ഒരു തരത്തിലുള്ള ഇടപെടലുകളും കമ്പനി നടത്താറില്ലെന്നുമായിരുന്നു പഞ്ചായത്ത് ഭരണ സമിതിയുടെ ആദ്യഘട്ടത്തിലുണ്ടായിരുന്ന പ്രതികരണം. എന്നാൽ രാജിവച്ചൊഴിഞ്ഞ മുൻപഞ്ചായത്ത് പ്രസിഡന്റ് കിറ്റക്സ് എം ഡിയും ട്വന്റി-20 കോഡിനേറ്ററുമായ സാബു ജേക്കബ്ബിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

വികസന പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി നിന്നിരുന്നത് കിറ്റക്സ് ഉടമകളാണെന്നാണ് രാജിവച്ച മുൻപഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞവർഷം ആരോപണമുന്നയിച്ചത്. ഭരണ സമിതി അംഗങ്ങളിൽ പലർക്കും ഇതേ അഭിപ്രായമായിരുന്നു. എന്നാൽ പലരും കിറ്റക്സിന്റെ പണക്കൊഴുപ്പിനു മുന്നിൽ മൗനം പാലിച്ചു.

ഇരുമുന്നണികളെയും ഒരേപോലെ അകറ്റിനിർത്തിക്കൊണ്ടുള്ള കിഴക്കമ്പലത്തെ പഞ്ചായത്ത് ഭരണം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഭീഷണിയായി മാറിയിരുന്നു. എന്നാൽ ട്വന്റി -20യുടെ പ്രഖ്യാപനം ലക്ഷ്യം കാണാതെ വന്നതോടെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ വി ജേക്കബ്ബിന്റെ പിടിപ്പുകേടു മൂലമാണ് പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾ മുരടിച്ചതെന്ന് വരുത്തിതീർക്കാനാണ് ട്വന്റി 20 നേതൃത്വം ശ്രമിച്ചതെന്നാണ് പ്രധാന ആരോപണം. കിറ്റക്സ് ഉടമകൾ തന്നെ ബലിയാടാക്കുകയായിരുവെന്ന് കെ വി ജേക്കബ്ബ് പറയുന്നു. ട്വന്റി 20യുടെ തലയിൽ വെച്ച് കിറ്റക്സ് ഉടമകൾ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കൈകഴുകുകയാണ് ചെയ്യുന്നതെന്നും ആരോപണമുന്നയിച്ചിരിക്കുന്നു.

കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി-20 അധികാരത്തിലെത്തിയിട്ട് മൂന്നു വർഷം പിന്നിട്ടപ്പോഴേക്കും പഞ്ചായത്ത് അംഗങ്ങളിൽ പലർക്കും തങ്ങൾ വഞ്ചിക്കുപ്പെട്ടുവെന്ന് തിരിച്ചറിവുണ്ടായി തുടങ്ങിയിരുന്നു. ഇതോടെ സാബു ജേക്കബ്ബിന്റെ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്നതിൽ പലർക്കും മാനസികമായി താല്പര്യമില്ലാതായി. ഇത് ഭരണസമിതിയിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കേവലം എട്ട് മാസം മാത്രം ശേഷിക്കെയാണ് പ്രസിഡന്റായിരുന്ന കെ വി ജേക്കബ്ബിനെ പുറത്താക്കുന്നത്. 2020 ൽ ഇന്ത്യയിലെതന്നെ മികച്ച പഞ്ചായത്ത് ആയില്ലെന്നുമാത്രമല്ല കോർപ്പേറ്റു ഭരണത്തിൽ തകർന്നുപോയ പഞ്ചായത്തെന്ന നെഗറ്റീവ് പബ്ലിസിറ്റിയാണ് കിഴക്കമ്പലത്തെ കാത്തിരിക്കുന്നത്.

പഞ്ചായത്തിനെ കിറ്റക്സിന്റെ ആലയത്തിൽ കൊണ്ടുകെട്ടിയതിന്റെ കുറ്റബോധത്തിലായ ട്വന്റി-20 യിലെ മിക്കവരെയും കിറ്റക്സ് കമ്പനി ഇത്തവണ പറഞ്ഞുവിട്ടു. പകരം അവർക്ക് താല്പര്യമുള്ള മറ്റൊരു ഗ്രൂപ്പിനെ ഉണ്ടാക്കിയെടുക്കുകയും അവരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ പഴയ ഭരണ സമിതിയിലെ മൂന്നു പേർക്കു മാത്രമാണ് ഇത്തവണ തുടർ അവസരം ലഭിക്കുന്നത്. ഇത്തവണ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സ്ത്രീ സംവരണമാണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമുള്ള സ്ഥാനാർത്ഥികളെയും നേരത്തെ തന്നെ സാബു ജേക്കബ്ബ് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കയാണ്.

നേരത്തെ കിറ്റക്സ് ഗാർമന്റ്സ് ലിമിറ്റഡ് കമ്പനിയും കിഴക്കമ്പലം പഞ്ചായത്ത് മുൻ ഭരണ നേതൃത്വവും തമ്മിലുണ്ടായിരുന്ന നിരവധി പ്രശ്നങ്ങളും, നിയമപ്രശ്നങ്ങളുമാണ് ട്വന്റി 20 എന്ന സംഘടന രൂപീകരിക്കാൻ കിറ്റക്സിനെ പ്രേരിപ്പിച്ചത്. നിയമ വിധേയമല്ലാത്ത പ്രവർത്തനങ്ങൾ നടത്തിയിരുന്ന കിറ്റക്സിനെതിരെ ഉണ്ടായ പഞ്ചായത്തിന്റെ നടപടികൾ പലപ്പോഴും വലിയ വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. പരിസരമലിനീകരണം, മലിനജലം ശുദ്ധീകരിക്കുന്നതിനായി സ്ഥാപിച്ച വൻകിട ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനത്തിലെ അപാകതകൾ തുടങ്ങി നിരവധി വിഷയങ്ങളാണ് കിറ്റക്സിനെ വിവാദങ്ങളിലേക്ക് തള്ളിവിട്ടിരുന്നത്. പഞ്ചായത്ത് ഭരണ സമിതിയുടെ ശക്തമായ നിലപാട് കിറ്റക്സ് കമ്പനിയുടെ പ്രവർത്തനത്തെ തകിടം മറിച്ച സാഹചര്യത്തിൽ സംസ്ഥാനം വിടാൻ തീരുമാനമെടുത്തിരുന്നു.

കേരളം വ്യവസായങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമല്ലെന്ന ആരോപണവും ഇതോടൊപ്പം ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യവസായി ആയിരുന്നു എം സി ജേക്കബ്ബ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വളർന്നു പന്തലിച്ച വ്യവസായ ഗ്രൂപ്പാണ് കിറ്റക്സ്. അന്ന-കിറ്റക്സ് ഗ്രൂപ്പ് പ്രതിവർഷം 750 കോടി രൂപയുടെ കയറ്റുമതി നടത്തുന്ന സ്ഥാപനനമാണ്. 1960ൽ ആരംഭിച്ച കമ്പനി ഇപ്പോൾ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും പ്രമുഖ ഏഷ്യൻ കമ്പനിയെന്ന നിലയിൽ ലിസ്റ്റു ചെയ്യപ്പെട്ട സ്ഥാപനമാണ്.

കോൺഗ്രസിന്റെ കൈകളിൽ സുരക്ഷിതമായിരുന്ന പഞ്ചായത്തായിരുന്നു കിഴക്കമ്പലം. രാഷ്ട്രീയ രംഗത്ത് വലിയ തിരിച്ചടി ലഭിച്ച കിഴക്കമ്പലം പഞ്ചായത്ത് തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളിലാണ് കോൺഗ്രസ്. എന്നാൽ ട്വന്റി 20 തുടർന്നും ഭരണത്തിലെത്തുന്നത് തടയാൻ സി പി എം പ്രത്യേകിച്ച് നീക്കങ്ങളൊന്നും നടത്തുന്നില്ല. ഇതിനിടയിലാണ് സമീപ പഞ്ചായത്തുകളിൽ കൂടി മൽസരിക്കാനുള്ള നീക്കവുമായി ട്വന്റി-20 തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *