രാജേഷ്

05092020/07:45

ആരും പ്രതീക്ഷിച്ചിരുന്നില്ല, ചവറയിലും കുട്ടനാട്ടിലും ഉപതിരഞ്ഞെടുപ്പ് വരുമെന്ന്. എന്നാൽ ചിലതൊക്കെ അങ്ങിനെയാണ് വന്നാൽ മാത്രമേ തിരിച്ചറിയൂ. കൊറോണ കാരണം ചവറയിലും കുട്ടനാട്ടിലും ഇനിയൊരു പരീക്ഷണം വേണ്ടിവരില്ലെന്നായിരുന്നു ഇടതനും വലതനും ഒരുപോലെ ആശ്വസിച്ചിരുന്നത്. കുട്ടനാട്ടിലെ എം എൽ എയായിരുന്ന തോമസ് ചാണ്ടിയും ചവറയിലെ എം എൽ എ യായിരുന്ന എൻ വിജയൻ പിളളയും മാസങ്ങൾക്ക് മുൻപാണ് മരണമടഞ്ഞത്. രണ്ടു സീറ്റുകളും എൽ ഡി എഫിന്റേതായിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ എൽ ഡി എഫിന് കുട്ടനാടും ചവറയും ചാടിക്കടക്കാൻ വലിയ അഭ്യാസമൊന്നും പഠിക്കേണ്ടതില്ലെന്നായിരുന്നു പ്രതീക്ഷകൾ. അന്ന് അങ്ങിനെയൊക്കെയായിരുന്നു. എന്നാൽ കാലം മാറി കഥ മാറി.

ഇന്ന് അവസ്ഥ അതല്ല, സ്വർണക്കടത്ത് മുതൽ മയക്കമുമരുന്നുവരെ നീണ്ടുകിടക്കുന്ന സംഭവബഹുലമായ ഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഒപ്പം വെഞ്ഞാറമൂട് ഇരട്ടകൊലയും കൂടെയുണ്ട്. എന്നു പറഞ്ഞാൽ ഇരുമുന്നണികളും കഷ്ടകാലത്തിലാണെന്ന് സാരം.
സാരം അതിസാരമാവാൻ ആർക്കും താല്പര്യമുണ്ടാവില്ലല്ലോ, അത് ഇടതനായാലും വലതനായാലും. നമ്മൾ തയ്യാറാണെന്നാണ് ഇരുമുന്നണികളും ആശങ്കയേതുമില്ലാതെ അറിയിച്ചിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഓർക്കാപ്പുറത്തൊരു ഉപതിരഞ്ഞെടുപ്പ് ആഗതമായിരിക്കുന്നത്.

വല്ലാത്തൊരു ചതിയായിപ്പോയി എന്നാണ് ഇരുമുന്നണികളുടെയും നിലപാട്. കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ വെറുതെ തെറ്റിദ്ധരിച്ചതാണ് നമ്മുടെ നാട്ടിലെ ഇരുമുന്നണികൾക്കും പറ്റിയ തെറ്റ്. അദ്ദേഹത്തിന്റെ വാക്കുകളിലെല്ലാം നിറഞ്ഞു നിന്നത് ഉപതിരഞ്ഞെടുപ്പ് ഇനി നടക്കില്ലെന്നായിരുന്നുവല്ലോ. കേരളാ കോൺഗ്രസിലെ ജോസ്‌മോൻ-ജോസഫ് തർക്കം ഒരു വഴിക്കും എത്തിയിട്ടില്ലെന്നതാണ് യു ഡി എഫ് നേരിടുന്ന വിഷയമെങ്കിൽ കുട്ടനാട് തങ്ങൾക്കൊപ്പം നിർത്താനായില്ലെങ്കിൽ ഈയിടെയുണ്ടായ വിവാദങ്ങൾ സർക്കാറിന് വൻ തിരിച്ചടിയുണ്ടാക്കുമെന്ന പ്രതീതി ജനിക്കും. അത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ ആത്മ വിശ്വാസം നഷ്ടപ്പെടുത്തും.

കൊല്ലം ജില്ലയിലെ ചവറയിലും അതുതന്നെയാണ് അവസ്ഥയ. ആർ എസ് പിയെന്നാൽ ചവറയും ചവറപാർട്ടിയെന്നാൽ ആർ എസ് പിയുമാണെന്ന് എല്ലാവർക്കും അറിയാം. ആ ചവറ പാർട്ടിയെ ആണ് വിജയൻ പിള്ളസഖാവ് തറപറ്റിച്ചിരുന്നത്. ഇതാണ് ചവറയോടുള്ള എൽ ഡി എഫിന്റെ കമ്മിറ്റ്‌മെന്റും. ചവറയിൽ ആർ എസ് പി നേതാവ് സാക്ഷാൽ ഷിബു ബേബിജോൺ വീണ്ടും മൽസരിക്കും. അദ്ദേഹം മണ്ഡലം തിരിച്ചു പിടിച്ചാൽ പിന്നെ ആറുമാസത്തിനുള്ളിൽ തിരികെപിടിക്കാനുള്ള വകയും ഇല്ലാതാവും. കുട്ടനാടല്ല എൽ ഡി എഫിന് ഭയം, ചവറയാണ്. കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരനെ ഇറക്കി മണ്ഡലം നിലനിർത്താനുള്ള വഴികളാണ് എൽ ഡി എഫെ് ആലോചിക്കുന്നത്. അത് എൻ സി പിയുടെ സിറ്റിംഗ് സീറ്റായതിനാൽ അത് എൻ സി പി യുടെകൂടി ബാധ്യതയാണ്.

എന്നാൽ ചവറ അതല്ല, സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിച്ച് ശക്തരായി മാറിയ ആർ എസ് പിയെ ആണ് ഇത്തവണ നേരിടേണ്ടത്. വിജയൻ പിള്ളയെപോലുള്ള ഒരു സംശുദ്ധ വ്യക്തിത്വത്തെ കണ്ടെത്തുകയെന്നതും എൽ ഡി എഫിന് അത്ര എളുപ്പമാവില്ല എന്ന് അർ്ത്ഥം.
എന്തായാലും ഓർക്കാപ്പുറത്തെത്തുന്ന ഉപതിരഞ്ഞെടുപ്പ് ഇരുപാർട്ടിക്കും വലിയ ബാധ്യതയാണ് വരുത്തുക എന്നതിൽ സംശയമില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിനൊപ്പം നടത്തിയാൽ തന്നെ പ്രചാരണവും മറ്റും ഏറെ ബാധ്യതയാണ് ഉണ്ടാക്കുക. കോവിഡ് കാലമായതിനാൽ വലിയ ശക്തിപ്രകടനങ്ങളും മറ്റുമൊന്നും ആവശ്യമായി വരില്ലെങ്കിലും ട്രയൽ വേർഷൻ എന്ന നിലയിൽ അങ്ങിനെ ഈസിയായി വിടാനും പറ്റില്ല ഇരുവർക്കും ഈ ഉപതിരഞ്ഞെടുപ്പിനെ.

Leave a Reply

Your email address will not be published. Required fields are marked *