കാസർകോട് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി പ്രവർത്തനം ആരംഭിച്ചു. 4 ദിവസത്തിനുള്ളിലാണ് കാസർകോട് മെഡിക്കൽ കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. സംസ്ഥാനം ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1,25,000 ബെഡ്ഡുകൾ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

38 കോവിഡ് ആശുപത്രികൾ പ്രവർത്തനം തുടങ്ങി. കോവിഡ് പരിശോധനയ്ക്ക് ത്രിതല സംവിധാനം കൊണ്ടുവരും. 517 കൊറോണ കെയർ സെൻററുകൾ പ്രവർത്തനമാരംഭിക്കും. റാപ്പിഡ് ടെസ്റ്റ് മാനദണ്ഡങ്ങളും തീരുമാനിക്കും.

റേഷൻ കടകളിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണം. ഇക്കാര്യത്തിൽ അപൂർവ്വം പരാതികൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. സൗജന്യറേഷൻ പരിധിയിൽ കൂടുതൽ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി. അനാഥാലയങ്ങൾ അഗതിമന്ദിരങ്ങൾ എന്നിവയും സൗജന്യറേഷന്റെ പരിധിയിൽപ്പെടും. കോൺവെന്റുകളിലും ആശ്രമങ്ങളിലും സൗജന്യറേഷൻ നൽകും. 4 അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന കണക്കിൽ ആയിരിക്കും റേഷൻ നൽകുക.

പ്രവാസി മലയാളികളുമായി വീഡിയോ കോൺഫ്രൻസ് നടത്തി. പ്രവാസികൾക്കായി ചെയ്യാവുന്നതെല്ലാം ചെയ്യും. ഗൾഫ് സ്കൂളുകളിൽ കുട്ടികൾക്ക് ഫീസ് അടക്കുന്നതിന് സമയം ആവശ്യപ്പെടും. പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്ക് കത്ത് അയച്ചു.

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി പഠിക്കും. ഇതിന്റെ ചുമതല ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനാണ്.

കാസർഗോഡ് തലപ്പാടി അതിർത്തി തുറക്കും. കോവിഡ് ഇല്ലാത്ത മറ്റു രോഗികളെ കർണാടകയിലേക്ക് കടത്തിവിടും. അതിർത്തിയിൽ കർണാടക മെഡിക്കൽ സംഘം പരിശോധിക്കും. രോഗികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് കരുതണം. ഏത് ആശുപത്രിയിലേക്ക് പോകുന്നു എന്നും അറിയിക്കണം. ആംബുലൻസ് കടത്തി വിടാൻ ധാരണയായിട്ടുണ്ട്. കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തുന്നവർക്ക് വയനാട് ചികിത്സ നൽകും .

മലയാളി നഴ്സുമാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു. മഹാരാഷ്ട്ര, ഡൽഹി മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തയക്കും.

ആഴ്ചയിൽ ഒരു ദിവസം മൊബൈൽ കടകൾ തുറക്കാം. വർക്ക് ഷോപ്പുകളും തുറക്കാം.

വിവിധ കലാകാരന്മാരുടെ കാര്യം പരിഗണിക്കും. കലാകാരന്മാരുടെ പെൻഷൻ തുക അക്കൗണ്ടുകളിൽ എത്തും.

കുടുംബശ്രീ വായ്പ കേരള ബാങ്കിലൂടെയും നൽകും. ക്ഷീരകർഷകർക്ക് ആയിരം രൂപ വരെ ധനസഹായം നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *