കേരളത്തിലെ സര്‍ക്കാരും ആരോഗ്യവകുപ്പുമാണ് ജീവന്‍ രക്ഷിച്ചതെന്ന് കൊവിഡ്19 രോഗവിമുക്തനായ പത്തനംതിട്ട സ്വദേശി റിജോ പറയുന്നു. തങ്ങളുടെ അറിവില്ലായ്മ കൊണ്ടാണ് ആദ്യഘട്ടത്തില്‍ ചികിത്സ തേടാതിരുന്നത്. തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടും കരുതലിലൂടെ ജീവന്‍ തിരിച്ച് തന്നതില്‍ നന്ദിയുണ്ടെന്നും 26കാരനായ റിജോ പറയുന്നു. ഇറ്റലിയില്‍ നിന്നും എത്തിയ റാന്നി സ്വദേശികളായ മോന്‍സി എബ്രഹാം, ഭാര്യ രമണി, മകന്‍ റിജോ എന്നിവര്‍ക്കും മോന്‍സിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും രോഗം പിടിപെട്ടിരുന്നു. ഇന്നലെയാണ് ഇവര്‍ ആശുപത്രി വിട്ടത്.

ഇറ്റലിയിലെ ആരോഗ്യമേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്രയോ മികച്ചതാണ് കേരളത്തിലെ ആശുപത്രികളെന്ന് റിജോ പറയുന്നു. ഇറ്റലിയിലായിരുന്നപ്പോള്‍ അവിടെ കൊവിഡ് രോഗം ഇത്ര ഗുരുതരമായ അവസ്ഥയിലായിരുന്നില്ല. ചെറിയ ശാരീരിക ബുദ്ധുമുട്ടുണ്ടായിരുന്നപ്പോള്‍ ഇറ്റലിയിലെ ആശുപത്രിയില്‍ കാണിച്ചിരുന്നു. അവര്‍ ഗൗരവത്തില്‍ കണ്ടില്ല. ഇടയ്ക്ക് പനി വരുന്നത് കൊണ്ട് അതായിരിക്കാമെന്ന് കരുതി. അത്രയ്ക്കുള്ള അറിവേ തങ്ങള്‍ക്കും ഉണ്ടായിരുന്നുള്ളു. ഇറ്റലി ഈ രോഗത്തെ ഗൗരവമായി കണ്ടിരുന്നില്ലെന്നും റിജോ പറയുന്നു.

ആരോഗ്യവകുപ്പ് അധികൃതര്‍ പത്തനംതിട്ടയിലെ വീട്ടിലെത്തി വിശദീകരിച്ച് തന്നപ്പോളാണ് രോഗത്തെക്കുറിച്ച് മനസിലായത്. രോഗം മൂടിവെച്ചാണ് ബന്ധുക്കളെ സന്ദര്‍ശിച്ചതെന്നായിരുന്നു ഉയര്‍ന്ന ആരോപണം.
കൊവിഡ്19ന് പിടിപെട്ടുവെന്നത് പേടിയോടെയാണ് കേട്ടത്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമും ആരോഗ്യവകുപ്പും ഭയം വേണ്ടെന്നും കൂടെയുണ്ടെന്നും നിരന്തരം പറഞ്ഞു. ആ സയമത്ത് ഞങ്ങള്‍ക്ക് ആവശ്യം അതായിരുന്നു. സൈബര്‍ ആക്രമണം നേരിട്ടതിനാല്‍ ഫോണ്‍ അധികം ഉപയോഗിച്ചില്ല. ബന്ധുക്കളെ ആരോഗ്യവകുപ്പ് അധികൃതര്‍ വിളിക്കുന്നുണ്ടായിരുന്നു.
കൊവിഡ് ലക്ഷണങ്ങളുണ്ടായിട്ടും ആശുപത്രിയില്‍ പോകാതിരുന്നത് അറിവില്ലായ്മ കൊണ്ടാണ്. രോഗം സ്ഥിരീകരിച്ചപ്പോള്‍ അതില്‍ വലിയ വിഷമം തോന്നി. സോഷ്യല്‍മീഡിയ വഴി വലിയ ആക്രമണം നേരിട്ടു. മമ്മിക്കായിരുന്നു വലിയ ബുദ്ധിമുട്ട്. പ്രായമായവരുടെ ജീവന്‍ പോലും രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞ ആരോഗ്യവകുപ്പിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഗ്രാന്റ് പാര്‍ന്റ്‌സിന്റെ ജീവന്‍ തിരിച്ചു കിട്ടുകയെന്നതില്‍ ആശ്വസമുണ്ട്. ഞങ്ങളിലൂടെ മറ്റാര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ലല്ലോ.
സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്ത് നിന്ന് നല്ല പിന്തുണ ലഭിച്ചു. നല്ല മെഡിക്കല്‍ ടീമിനെയും സര്‍ക്കാര്‍ തന്നത്. നമ്മുടെ ആശുപത്രികളില്‍ ഇത്രയേറെ സംവിധാനങ്ങളും സൗകര്യങ്ങളുമുണ്ടല്ലോ. കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ച് മലയാളി എന്നനിലയില്‍ അഭിമാനമുണ്ടെന്നും റിജോ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *