ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ഹോട്ടലുകളും മാളുകളും നാളെ മുതല്‍ പൂര്‍ണ്ണമായും തുറക്കും. മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത് കര്‍ശന ഉപാധികളോടെയാണ്. ഭക്ഷണശാലകളില്‍ ഇനി മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും കഴിയും.

സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും തുറക്കാന്‍ തീരുമാനിച്ചത് രണ്ട് മാസത്തിലധികം നീണ്ട നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ്. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവു എന്നാണ് നിര്‍ദേശം. ജീവനക്കക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ ഉപയോഗം, സാമുഹ്യ അകലം പാലിക്കല്‍ എന്നിവയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഇനി മുതല്‍ മാളുകളിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയും. എന്നാല്‍ മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ തുറക്കാന്‍ അനുമതിയില്ല. കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും തുറക്കാന്‍ കഴിയില്ല. കൊച്ചിയിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ലുലുമാള്‍ നാളെ മുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിച്ച് തുടങ്ങും.

സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളുടെ പേരുവിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശമുണ്ട്. എസിയുടെ താപനിലയും പരിമിതപ്പെടുത്തണം. റസ്റ്റോറന്റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കാവു എന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം. നിലവില്‍ പ്രവര്‍ത്തിക്കുന്ന പാഴ്സല്‍ കൗണ്ടറുകള്‍ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. കൃത്യമായ ഇടവേളകളില്‍ സ്ഥാപനം അണുമുക്തമാക്കുന്നുവെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *