തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വെള്ളി, ശനി ദിവസങ്ങളില്‍ 8 ജില്ലകളിലും ഞായറാഴ്ച്ച 9 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഇന്ന് രാത്രിയോടെ തിരിച്ചെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40 കിമീ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. പൊതുജനങ്ങള്‍ക്കൊപ്പം, മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന മത്സ്യതൊഴിലാളികള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *