തിരുവനന്തപുരം: കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും കോവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുകയാണ്. കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം താരതമ്യേന കുറവാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ആന്റിബോഡി പരിശോധന ഫലങ്ങള്‍ ക്രോഡീകരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നാണ് സൂചനയെന്നും കെകെ ശൈലജ വ്യക്തമാക്കി.

ആറു ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും തിരുവനന്തപുരത്ത് അതീവ ജാഗ്രത ആവശ്യമാണെന്നും കെകെ ശൈലജ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ജില്ലയില്‍ കൂടുതലാണ്. മറ്റ് ജില്ലകളേക്കാള്‍ തിരുവനന്തപുരത്തിന് ശ്രദ്ധ ആവശ്യമാണെന്നും വഞ്ചിയൂര്‍ സ്വദേശിയുടെ മരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് കളക്ടറും ആരോഗ്യപ്രവര്‍ത്തകരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും രമേശിന്റെ കേസില്‍ എന്ത് കൊണ്ട് സ്രവം എടുക്കാന്‍ വൈകിയെന്ന ആരോഗ്യ വിദഗ്ധരുടെ റിപ്പോര്‍ട്ട് ലഭിക്കാനുണ്ടെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം, സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ആന്റിബോഡി പരിശോധന ഫലങ്ങള്‍ ക്രോഡീകരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നാണ് സൂചനയെന്നും കെകെ ശൈലജ പറഞ്ഞു.

സമ്പര്‍ക്കം വഴിയുള്ള രോഗികള്‍ ഇപ്പോഴും 10 ശതമാനം മാത്രമാണ്. എന്നാല്‍, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് 70 ശതമാനത്തോളമാണ്. കേരളം പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. പക്ഷെ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കണമെന്നും ഓരോ രോഗിക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും കെകെ ശൈലജ പറഞ്ഞു. കോവിഡ് രോഗികളുടെ മരണം തടയാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഒരു ശതമാനത്തില്‍ താഴെയാണ് കേരളത്തില്‍ മരണനിരക്കെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു.

സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വരും ദിവസങ്ങളില്‍ ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ പൂട്ടിയിട്ടില്ലെന്നും കൂടുതല്‍ സൗകര്യമുള്ള വീടുകള്‍ കിട്ടിയപ്പോള്‍, ചില ഹോട്ടലുകളും റിസോര്‍ട്ടുകളും ഒഴിവാക്കിയതാണെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമുള്ളപ്പോള്‍ എല്ലാ കേന്ദ്രങ്ങളും ഉപയോഗിക്കും. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും, ഉറവിടം കണ്ടെത്താനാകാത്ത കേസുകളും കണക്കിലെടുത്ത് ആറ് ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *