തിരുവനന്തപുരം: കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി റപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന് ആണ് മരിച്ചത്. 76 വയസ്സുണ്ട്. മുംബൈയില്‍ നിന്ന് 27-നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായി. അപ്പോള്‍ തന്നെ ശാരിരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതിനാല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അസുഖം കൂടിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. 27-ന് തന്നെയാണ് മരണം സംഭവിച്ചത്.
ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ ഇദ്ദേഹം അവശനിലയിലായിരുന്നു. ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങി അല്പ സമയത്തിനുള്ളില്‍ മരിക്കുകയായിരുന്നു. മരണ ശേഷം ആണ് സ്രവ പരിശോധന നടത്തിയത്. ഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കടുത്ത പ്രമേഹം അടക്കം ഗുരുതരമായ ശാരീരിക അസ്വസ്ഥതകള്‍ വേറെയും ഉണ്ടായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. തങ്കപ്പന് ന്യുമോണിയ അടക്കം ഗുരുതര ആരോഗ്യപ്രശ്നമുണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
പോസിറ്റീവാണെന്ന് ഇന്നലെ സന്ധ്യയ്ക്ക് ശേഷമാണ് അറിഞ്ഞതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നുണ്ട്. വരുമ്പോള്‍ തന്നെ രോഗബാധിതനായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതുകൊണ്ട് സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതില്‍ വലിയ വെല്ലുവിളിയല്ലെന്നും മന്ത്രി പറഞ്ഞു. ഇദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംസ്കാരം നടക്കുക. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി.