കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണ് ഇത്. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍ഗോഡ് വെച്ച് മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി 48 കാരനായ അബ്ദുള്‍ റഹ്‌മാനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം ഇന്നാണ് ലഭിക്കുന്നത്. പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് അബ്ദുല്‍ റഹ്‌മാന്‍ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിക്കുന്നത്.

കര്‍ണാടക ഹുബ്ലിയിലെ വ്യാപാരിയാണ് മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുള്‍ റഹ്‌മാന്‍. രണ്ടുദിവസം മുമ്പാണ് ഇയാള്‍ മരിച്ചത്. ഗുരുതരാവസ്ഥയിരുന്ന അബ്ദുള്‍ റഹ്‌മാനെ ആംബുലന്‍സിലാണ് തലപ്പാടിയില്‍ എത്തിച്ചത്. തലപ്പാടിയില്‍ നിന്ന് കാര്‍മാര്‍ഗം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കേരളത്തില്‍ ആരുമായും ഇയാള്‍ക്ക് സമ്പര്‍ക്കമില്ലെന്നാണ് വിവരം. അബ്ദുള്‍ റഹ്‌മാന് രോഗമുണ്ടായത് കര്‍ണാടകയില്‍ നിന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇദ്ദേഹത്തിന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവായിരുന്നു. അതിന് പിന്നാലെ നടത്തിയ പിസിആര്‍ ടെസ്റ്റിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ഇയാളെ പരിശോധിച്ച കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. ബന്ധുക്കളടക്കമുള്ളവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *