കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും സമൂഹ വ്യാപനമുണ്ടെന്ന് പറയുന്ന ഐസിഎംആറിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. ഈ പഠന റിപ്പോര്‍ട്ട് കിട്ടിയാല്‍ പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഐസിഎംആര്‍ പഠനം ഇന്ത്യയില്‍ ആകമാനം നടത്തിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.

പുറത്ത് നിന്ന് വന്നവരിലാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് അധികവും. നിലവില്‍ കോവിഡ് കേസുകള്‍ക്കുണ്ടായ വര്‍ധന പ്രതീക്ഷിച്ചതാണ്. 10-11 % വരെയെ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള എണ്ണം കൂടിയിട്ടില്ല. ഉറവിടം കണ്ടെത്താനാകാത്ത കേസുകളില്‍ പരിശോധന നടക്കുകയാണെന്നും രോഗ ഉറവിടം കണ്ടെത്താത്ത കേസുകള്‍ അധികമായി ഉണ്ടാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

സമൂഹവ്യാപന ഭീതി കൂട്ടിക്കൊണ്ട് ഐസിഎംആര്‍ പഠനം പുറത്തുവരുന്നത് ഇന്നാണ്. നാല് പേര്‍ക്ക് ഉറവിടമറിയാത്ത കോവിഡ് വന്നു പോയതായി സെറോ സര്‍വൈലന്‍സ് പഠനം ചൂണ്ടിക്കാട്ടുന്നു. രോഗം വന്നുപോയവരുടെ ശരീരത്തില്‍ ഇമ്യൂണോഗ്ലോബുലിന്‍ ജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു പരിശോധന. 1193 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്.

കേരളത്തില്‍ നിലവില്‍ സമൂഹ വ്യാപനമില്ലെങ്കിലും സമൂഹ വ്യാപനത്തിന് ഇടവരുത്താതിരിക്കാന്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊറോണ പകരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ ഭയാനകമായ അവസ്ഥ ഒഴിവാക്കാനാകുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *