മംഗലാപുരത്തെ ആശുപത്രികളിൽ അമിതമായ തിരക്ക് അനുഭവപ്പെടുന്നതിനാൽ കേരളത്തിൽനിന്നുള്ള രോഗികളെ അനുവദിക്കാനാവില്ലെന്ന് കർണാടക അഡ്വക്കറ്റ് ജനറൽ പ്രഭു ലിങ്‌ നവാഡെ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇക്കാര്യത്തിൽ കർണാടകത്തെ നിർബന്ധിക്കരുതെന്നും കർണാടക എജി അഭ്യർഥിച്ചു. കാസർകോട് ജില്ലയിലെ അതിർത്തി റോഡുകൾ അടച്ചതിനെതിരായ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് കർണാടക സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ചരക്കുനീക്കത്തിന്റെ കാര്യവും അടിയന്തര പരിഗണന അർഹിക്കുന്ന രോഗികളുടെ ചികിത്സാസൗകര്യവും പരിഗണിച്ച്‌ അതിർത്തി റോഡുകൾ അടച്ചിടാനാവില്ലെന്ന് കേരള സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്‌ തമ്പാൻ ബോധിപ്പിച്ചു. മണ്ണിട്ട് റോഡുകൾ അടച്ച നടപടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിന് വിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യാ–-പാക് അതിർത്തിപോലെ കേരള–-കർണാടക അതിർത്തിയെ കാണരുതെന്നും മണ്ണിട്ട്‌ അടച്ച റോഡുകൾ തുറക്കണമെന്ന്‌ നിർദേശിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അടിയന്തര പരിഗണന അർഹിക്കുന്ന രോഗികൾക്കായി അതിർത്തി റോഡുകൾ തുറക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻനമ്പ്യാർ, ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

രണ്ട് റോഡുകൾ തുറക്കുമെന്ന് കർണാടക എ ജി അറിയിച്ചു. ബത്തേരിയിൽനിന്നും മാനന്തവാടിയിൽനിന്നും മൈസൂരുവിലേക്കുള്ള റോഡുകളാണ് തുറക്കുന്നത്. രോഗികളെ കൊണ്ടുപോകുന്നതു സംബന്ധിച്ച് കർണാടക സർക്കാരിന്റെ നിലപാട് പരിശോധിക്കുന്നതിന്‌ കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *