കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ നില തൃപ്തികരം. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മൂന്നാം ഘട്ട വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നത് കോണ്ടാക്ടിൽ നിന്നാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ആർസിസിയിലെ ആരോഗ്യ പ്രവർത്തകയുടെ ആരോഗ്യകാര്യത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി അറിയിച്ചു. ആർസിസിയിൽ നിന്നാവാനുള്ള സാധ്യത കുറവാണെങ്കിലും പരിശോധനകൾ തുടരുകയാണ്.

ആരോഗ്യ പ്രവർത്തകരെ അവഗണിക്കില്ലെന്നും കേരളത്തിൽ ഐസൊലേറ്റ് ചെയ്ത് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മറ്റ് ആരോഗ്യ പ്രവർത്തകർക്കും നിർദേശം നൽകുമെന്ന് മന്ത്രി പറഞ്ഞു. മാസ്‌ക് ,ഗ്ലൗസ് എന്നിവ ആശുപത്രികളിൽ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർ സുരക്ഷ മുൻകരുതലുകൾ പാലിച്ചിരിക്കണമെന്നും ചുരുങ്ങിയ കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും ഇത് ഗൗരവത്തിൽ എടുക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

ഇടുക്കി, കോട്ടയം ജില്ലകൾ സെയ്ഫ് സോണിലായിരുന്നു, എന്നാൽ അതിർത്തി കടന്ന് ആളുകൾ വരുന്നുണ്ട്. അതിർത്തി മേഖലകളിൽ നല്ല രീതിയിൽ രോഗമുണ്ടെന്നാണ് അനുമാനം. പൊലീസിന്റെ കർശന പരിശോധന അതിർത്തികളിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *