മഞ്ചേശ്വരം: കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടകം അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ കിട്ടാതെ കാസര്‍കോട് ഒരാള്‍കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി (49) ശേഖർ ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ചികിത്സ. ഇതോടെ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ കിട്ടാതെ ജില്ലയിൽ മരിച്ചവരുടെ എണ്ണം ആറായി.

മംഗലാപുരത്ത് പോയി ചികിത്സ തേടാന്‍ കഴിയാതെ ഇന്നലെ കാസർകോട് രണ്ട് പേര്‍ മരിച്ചിരുന്നു. കർണാടകം അതിർത്തി തുറക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് രണ്ട് ജീവനുകൾ കൂടി നഷ്ടമായത്. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവൻ, കുഞ്ചത്തൂർ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്. അതിർത്തിപ്രദേശമായ തലപ്പാടിക്ക് അടുത്തുള്ളവരാണ് ഇരുവരും. മംഗലാപുരത്തേക്കുള്ള അതിർത്തി അടച്ചതിനാൽ, താരതമ്യേന അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലൻസിൽ വച്ച് വൈകിട്ട് 5.15 ഓടെയായിരുന്നു മാധവന്‍റെ മരണം.
ആയിഷയെ അത്യാസന്ന നിലയിൽ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില അതീവ ഗുരുതരമായതിനാൽ ഇവരെ മംഗലാപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാൽ ഇവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ഉദുമയിൽ വച്ചാണ് മരണം സംഭവിച്ചത്. കാറിലായിരുന്നു ആയിഷയെ കാഞ്ഞങ്ങാടേക്ക് കൊണ്ടുപോയത്. 5.30 യോടെയാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *