ലോകത്ത് കൊറോണ മരണം രണ്ടുലക്ഷം കടന്നു. യൂറോപ്പില്‍ ഒന്നേകാല്‍ ലക്ഷത്തോളം. അമേരിക്കയില്‍ മാത്രം 54,000നപ്പുറം. ജനുവരി ഒമ്പതിനാണ് ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഒരുലക്ഷം കടന്നത് ഈ മാസം പത്തിന്. പിന്നെ രണ്ടാഴ്ചകൊണ്ടാണ് ഒരുലക്ഷം പേര്‍കൂടി മരിച്ചത്.

ലോകത്താകെ രോഗബാധിതര്‍ 2,920,738 ആണ്. ഒമ്പതരലക്ഷത്തിലധികം അമേരിക്കയിലാണ്. അടുത്ത സ്ഥാനങ്ങളിലുള്ള ആറു രാജ്യത്തെയും ആകെ രോഗബാധിതരുടെ എണ്ണത്തേക്കാള്‍ അധികമാണിത്. 81,700 ഓളം ആളുകള്‍ ഇതുവരെ രോഗമുക്തരായി.

സ്പെയിനില്‍ രണ്ടു ലക്ഷത്തിലധികവും ഇറ്റലിയില്‍ രണ്ടു ലക്ഷത്തിനടുത്തും രോഗം ബാധിച്ചു. ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ ഒന്നരലക്ഷത്തിലധികം രോഗികള്‍. ബ്രിട്ടനില്‍ ഒന്നരലക്ഷത്തോളം. തുര്‍ക്കിയില്‍ രോഗബാധിതര്‍ ഒരുലക്ഷം കടന്നു.

അമേരിക്കയിലും ബ്രിട്ടനിലുമാണ് ഇപ്പോഴും പ്രതിദിന മരണസംഖ്യ കാര്യമായി കുറയാത്തത്. ബ്രിട്ടനില്‍ ശനിയാഴ്ച 813 മരണം. ഒരാഴ്ചയ്ക്കിടെ ഏറ്റവുമുയര്‍ന്ന മരണസംഖ്യ. അവിടെ ആകെ മരണം 20,319.

മരണസംഖ്യ 20,000 കടന്ന നാലാമത്തെ യൂറോപ്യന്‍ രാജ്യമാണ് ബ്രിട്ടന്‍. സ്പെയിനില്‍ 378 പേര്‍കൂടി മരിച്ചപ്പോള്‍ ആകെ 22,902 ആയി. യൂറോപ്പില്‍ ഏറ്റവുമധികം മരണം ഇറ്റലിയില്‍ 26,384. ഫ്രാന്‍സില്‍ 22,500 കടന്നു. ബ്രിട്ടനില്‍ അയ്യായിരത്തോളവും സ്പെയിനില്‍ നാലായിരത്തോളവുമാണ് പുതിയ രോഗബാധ.

അമേരിക്കയില്‍ വെള്ളിയാഴ്ച നാല്‍പ്പതിനായിരത്തോളം രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ചത്തെ കണക്ക് പൂര്‍ണമായിട്ടില്ല. 50ല്‍ 30ലധികം സംസ്ഥാനത്തും പ്രതിദിന രോഗബാധ വര്‍ധിക്കുന്നു.

ചൈനയില്‍ 11 ദിവസമായി മരണമില്ല. മരണസംഖ്യ 4632. ഇറാനില്‍ 76 പേര്‍കൂടി മരിച്ചു. ആകെ 5650. മരണസംഖ്യയില്‍ മുന്നിലുള്ള മറ്റു രാജ്യങ്ങള്‍: ബല്‍ജിയം-6917. ജര്‍മനി 5806, നെതര്‍ലന്‍ഡ്സ്-4409. ബ്രസീല്‍-3704. തുര്‍ക്കി-2706.

Leave a Reply

Your email address will not be published. Required fields are marked *