മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ എം ഷാജി. കൊവിഡ് കാലത്ത് രാഷ്ട്രീയത്തിന് വിലക്കില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്കുകൾ ചോദിക്കുന്നത് തുടരുമെന്നും കെ എം ഷാജി പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ എം ഷാജിയുടെ പ്രതികരണം.

പ്രളയമോ, കൊവിഡോ വന്നാൽ തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ടെന്ന് കെ എം ഷാജി പറഞ്ഞു. മുഖമന്ത്രിയെ കാണുമ്പോൾ പേടിച്ച് മുട്ടു വിറയ്ക്കുന്ന പാർട്ടി ഓഫീസിലെ സഹപ്രവർത്തകരല്ല പ്രതിപക്ഷത്ത് ഇരിക്കുന്നതെന്ന് മനസിലാക്കണമെന്നും കെ എം ഷാജി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്കുകൾ ചോദിക്കുന്നത് തുടരും. ഷുഹൈബിന്റേയും ഷുക്കൂറിന്റേയും കേസ് വാദിക്കാൻ രണ്ട് കോടി രൂപയാണ് അഡ്വക്കേറ്റ് രജിത് കുമാറിന് നൽകിയത്. ഇതിന്റെ ഔദ്യോഗികമായ രേഖ തന്റെ കൈവശമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നല്ല പണം നൽകിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നെ എവിടെ നിന്നാണ് ആ പണം നൽകിയതെന്നും കെ എം ഷാജി ചോദിക്കുന്നു.

കൊവിഡ് കാലത്ത് മാസ്‌ക് ധരിക്കുകയെന്നാൽ മുഖം മൂടി മിണ്ടാതിരിക്കുകയല്ലെന്ന് എം കെ മുനീറും പറഞ്ഞു. ജനാധിപത്യത്തെ മുഴുവൻ നിശബ്ദമാക്കുന്നതിനോട് പ്രതിപക്ഷം എന്ന നിലയിൽ തങ്ങൾ യോജിക്കുന്നില്ലെന്നും മുനീർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *