അമേരിക്കയിൽ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. പോൾ ജോൺ നാലിയത്ത് എന്ന 21 കാരനാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ ആകെ എണ്ണം 12 ആയി.

കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ സാബുവിന്റെയും ജെസിയുടേയും മകനാണ് പോൾ. ടെക്‌സാസിലെ ഡലാസിൽ പ്രീ-മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ടെക്‌സസിൽ വച്ചുതന്നെയാണ് സംസ്‌കാരം.

നേരത്തെ അമേരിക്കയിൽ നിന്ന് രണ്ട് മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കി, തൃശൂർ സ്വദേശികളാണ് മരിച്ചത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് അഞ്ച് മലയാളികൾ അമേരിക്കയിൽ മരണപ്പെട്ടിരുന്നു.

അതേസമയം, അമേരിക്കയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10,467 ആണ് നിലവിലെ മരണസംഖ്യ. 3,56,007 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 19,247 പേർ രോഗമുക്തി ആശുപത്രി വിട്ടു. അമേരിക്കയിൽ ദിനംപ്രതി മരണവും രോഗം പകരുന്നവരുടെ എണ്ണവും കുത്തനെ കൂടുകയാണ്. അടുത്ത രണ്ടാഴ്ച ഏറെ നിർണായകമാണെന്നും സാമൂഹ്യ അകലം പാലിക്കാൻ എല്ലാവരും തയാറാകണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇനിയും ഒട്ടേറെ മരണങ്ങൾ രാജ്യത്തുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

കൊവിഡ് ബാധിതർ ഏറ്റവും കടുതലുള്ള ന്യൂയോർക്കിൽ ഇന്നലെ മരണനിരക്ക് ആശ്വാസമായി. എന്നാൽ വരും ദിവസങ്ങളിലും മരണനിരക്ക് കുറഞ്ഞാൽ മാത്രമെ ആശ്വസിക്കാൻ വകയുള്ളുവെന്ന് ന്യൂയോർക്ക് മേയർ ആൻഡ്ര്യൂ ക്യൂമോ പറഞ്ഞു. ചൈനയിൽ നിന്നടക്കം കൂടുതൽ വെന്റിലേറ്ററുകൾ വൈകാതെ എത്തുമെന്നും ക്യൂമോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *