ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 50 രാജ്യങ്ങളിലായി 100 കോടിയിലേറെ ജനങ്ങളാണ് കൊവിഡിനെ പേടിച്ച് വീടുകളിൽ കഴിയുന്നത്.
ഫ്രാൻസ്, ഇറ്റലി, അർജന്റീന, ഇറാഖ്, റുവാണ്ട എന്നീ രാജ്യങ്ങളും യുഎസിലെ കാലിഫോർണിയയും പൂർണമായി അടച്ചു. കൊളംബിയയും ചൊവ്വാഴ്ചയോടെ അടച്ചുപൂട്ടലിന്റെ പാതയിലെത്തും. ന്യൂസിലൻഡിൽ ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലിചെയ്യാൻ അനുമതി നൽകി.
സൗദി അറേബ്യയിൽ തിങ്കളാഴ്ച മുതൽ കർഫ്യൂ പ്രാബല്യത്തിലായി. മൊറീഷ്യസിലും കൊളംബിയയിലും ആദ്യമരണം സ്ഥിരീകരിച്ചു. റുമാനിയയിലും അംഗോള, എറിത്രീയ, യുഗാണ്ട രാജ്യങ്ങളിലും വൈറസെത്തി. ഇറ്റലിയിലാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തത്.