ലോകത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. 64,727 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് ആകെ മരിച്ചത്. 12 ലക്ഷം പേര്‍ക്ക് ഇതിനോടകം തന്നെ രോഗം ബാധിച്ചു. അതേസമയം, 2,46,638 പേരാണ് ആകെ രോഗമുക്തി നേടിയത്.
അമേരിക്കയിലും സ്പെയിനിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷമായി കൊണ്ടിരിക്കുന്നത്. ഇന്നലെമാത്രം അമേരിക്കയില്‍ ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 3,11,357 ആയി. ആകെ 8,452 പേരാണ് അമേരിക്കയില്‍ മരിച്ചത്. റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളില്‍ ഭൂരിഭാഗവും ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണ്. 24 മണിക്കൂറിനുള്ളില്‍ അഞ്ഞൂറിലധികം പേര് മരിച്ചു. രോഗികളെ കിടത്താന്‍ സ്ഥലമില്ലാത്തതിനാല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 4000 കിടക്കകളുള്ള താത്കാലിക ആശുപത്രി സ്ഥാപിച്ചു.
അഞ്ഞൂറിലധികം പേരാണ് സ്പെയിനില്‍ 24 മണിക്കൂറിനിടെ മരിച്ചത്. 1,26,168 പേര്‍ക്കാണ് സ്പെയിനില്‍ ഇതുവരെ കൊവിഡ് 19 രോഗം സ്ഥരീകരിച്ചത്. രോഗം ബാധിച്ച് 11,947 പേര് സ്പെയിനില്‍ മരിച്ചു. അതേസമയം, 34,219 പേര് രാജ്യത്ത് രോഗമുക്തി നേടി.