ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 74000 കവിഞ്ഞു. ഇതുവരെ 74292 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 2415 പേരുടെ ജീവനാണ് വൈറസ് കവര്‍ന്നത്. രാജ്യത്തെ നാല് സംസ്ഥാനങ്ങളിലാണ് വൈറസ് വ്യാപനം രൂക്ഷമായിരിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് വൈറസ് വ്യാപനം രൂക്ഷമായിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 24000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1026 പോസിറ്റീവ് കേസുകളും 53 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 921 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 24 മണിക്കൂറിനിടെ 426 പോസിറ്റീവ് കേസുകളും 28 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. ധാരാവിയില്‍ വൈറസ് ബാധിതരുടെ എണ്ണം 962 ആയി. ഇതുവരെ 31 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

ഗുജറാത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 8541 ആയി ഉയര്‍ന്നു. 537 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഡല്‍ഹിയില്‍ ഇതുവരെ 524 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് സംസ്ഥാനത്തെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ ഇതുവരെ 7639 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 86 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 8718 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 716 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 510 കേസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. 59 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ ഈയാഴ്ച ഐസിഎംആര്‍ ആരംഭിക്കും. രാജ്യത്തെ 69 ജില്ലകളില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ച്‌ പത്ത് ദിവസം കൊണ്ട് എലിസ ടെസ്റ്റ് നടത്തി പരിശോധന പൂര്‍ത്തിയാക്കാനാണ് നീക്കം. കേരളത്തില്‍ നിന്നും പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുമാണ് സാമ്ബിള്‍ ശേഖരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *