കാസര്‍കോട്: കാസര്‍കോട്ടെ രണ്ട് എംഎല്‍എമാര്‍ സ്വയം ഐസൊലേഷനിലേക്ക് മാറാന്‍ തീരുമാനിച്ചു. കാസര്‍കോട് ഏറ്റവുമൊടുവില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച രോഗിയുമായി ഇടപഴകിയിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിലും, മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനുമാണ് സ്വയം ഐസൊലേഷനിലേക്ക് മാറിയത്.

ഇന്നലെ വൈകിട്ടോടെയാണ് കാസര്‍കോട് ജില്ലയില്‍ രണ്ടാമതൊരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇദ്ദേഹത്തെ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍ കണ്ടത് ഒരു വിവാഹച്ചടങ്ങില്‍ വച്ചാണ്. മറ്റൊരു പൊതുപരിപാടിയിലും രോഗി പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിലിനെ രോഗി കണ്ടത്.

കൊവിഡ് സ്ഥിരീകരിച്ച രോഗി 11-ാം തീയതി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്. ദുബായില്‍ നിന്ന് മടങ്ങിയെത്തുകയായിരുന്നു. അന്ന് കോഴിക്കോട് ഒരു ഹോട്ടലില്‍ ഇദ്ദേഹം തങ്ങി. പിന്നീട് പിറ്റേന്ന്, അതായത് 12-ാം തീയതി മാവേലി എക്‌സ്പ്രസില്‍ കാസര്‍കോട്ടേക്ക് വന്നു. 12-ാം തീയതി മുതല്‍ 17-ാം തീയതി വരെ ഇദ്ദേഹം കാസര്‍കോടുണ്ടായിരുന്നു. ഇതിനിടെ പല പൊതുപരിപാടികളിലും രോഗി പങ്കെടുത്തിട്ടുണ്ട്. രണ്ട് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തു, ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ കളിക്കാനിറങ്ങി, മറ്റൊരു പൊതുപരിപാടിയിലുമെത്തി. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് തീര്‍ത്തും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് തന്നെയാണ് കാസര്‍കോട് ജില്ലാ ഭരണകൂടം വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *