കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് നടപടി. മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലെ ആരോഗ്യപ്രവര്‍ത്തകരാണ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മണിയൂര്‍ സ്വദേശി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ് ഇപ്പോള്‍ സ്വയം നിരീക്ഷണത്തിലുള്ളത്. ഇതിനോടകം ഇവരില്‍ അന്‍പതോളം പേരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇന്ന് ബാക്കിയുള്ളവരുടെ സാംപിളുകള്‍ ശേഖരിക്കും.
ഈ യുവതി പ്രസവത്തെ തുടര്‍ന്നുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി എത്തിയതിനാല്‍ ഇവരെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. ഈ സ്ത്രീയുമായി സമ്പര്‍ക്കത്തില്‍ വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. ഈ സ്ത്രീക്ക് എവിടെനിന്നാണ് അസുഖം ബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
മെയ് 24-നാണ് യുവതിയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ജൂണ്‍ രണ്ടിന് നടത്തിയ പരിശോധനയില്‍ ആണ് ഇവര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ക്ക് കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് വിവരം. 28 വയസുള്ള യുവതിക്ക് പ്രസവത്തിനിടെയുണ്ടായ ചില ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സര്ജന്, പീഡിയാട്രിക് സര്ജന്, ന്യൂറോ വിദഗ്ദ്ധന്, കാര്‍ഡിയോളജി ഡോക്ടര്‍ എന്നിവരെല്ലാം ഇവരെ പരിശോധിച്ചിരുന്നു. എന്നാല്‍ ഈ ഘട്ടത്തിലൊന്നും ഇവര്‍ക്ക് കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് വിവരം.