വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ കോവാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കും. വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നത് പട്ന എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മുന്‍പരിചയമുള്ള വിദഗ്ധസംഘമാണ് പരീക്ഷണം നടത്തുകയെന്ന് എയിംസ് തലവന്‍ ഡോ. സിഎം സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഐസിഎംആറിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ക്ലിനിക്കല്‍ ട്രയലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.

ആദ്യഘട്ട പരീക്ഷണം 100 പേരില്‍ ആയിരിക്കും നടത്തുക. ക്ലിനിക്കല്‍ ട്രയലിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ ആറു മുതല്‍ എട്ട് മാസം വരെ സമയമെടുക്കും. ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 28 ദിവസം വേണ്ടിവരും. മൂന്ന് ഘട്ടങ്ങളാണ് മനുഷ്യരിലെ വാക്സിന്‍ പരീക്ഷണത്തിനുള്ളത്. ആദ്യഘട്ടത്തിന്റെ ഫലം പരിശോധിച്ച ശേഷം മാത്രമേ ട്രയലിന്റെ അടുത്ത ഘട്ടം ആരംഭിക്കുകയുള്ളു. വാക്സിന്റെ മൃഗങ്ങളിലുള്ള പരീക്ഷണം വിജയിച്ചതായി നേരത്തെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *