ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ ഓക്സിജന് വേണ്ടിയുള്ള ആവശ്യവും കുത്തനെ വര്‍ധിക്കുന്നു. ഓക്സിജന്‍ സിലിണ്ടറിന് വേണ്ടിയുള്ള ആവശ്യം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കമ്പനികള്‍ ഇവയുടെ കയറ്റുമതി നിര്‍ത്തിവച്ചിട്ടുണ്ട്. ആശുപത്രികളില്‍ ആവശ്യ ഘട്ടങ്ങളിലല്ലാതെ ഓക്സിജന്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

കോവിഡിന്റെ പ്രധാന ലക്ഷണം ശ്വാസ തടസമായതുകൊണ്ട് തന്നെ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ കൂടുതല്‍ ഓക്സിജന്‍ സിലിണ്ടറുകളും ആവശ്യമായി വരികയാണ്. പത്ത് ശതമാനത്തില്‍ താഴെ രോഗികള്‍ക്ക് മാത്രമാണ് നിലവില്‍ ഓക്സിജന്‍ സിലണ്ടറിന്റെ ആവശ്യമുള്ളത്. വരാനിരിക്കുന്ന ഓക്സിജന്റെ അവശ്യകത മുന്നില്‍ക്കണ്ട് വാണിജ്യാവശ്യത്തിന് ഉപയോഗിച്ചിരുന്ന അഞ്ച് ലക്ഷം ഓക്സിജന്‍ സിലിണ്ടറുകള്‍ മെഡിക്കല്‍ ആവശ്യത്തിനായി മാറ്റാന്‍ സര്‍ക്കാര്‍ അനുവദിച്ചതായി പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് സെക്രട്ടറി ഗുരുപ്രസാദ് മൊഹപത്ര പറയുന്നു.

നിലവില്‍ ഉപയോഗത്തിലുള്ളത് അഞ്ച് ലക്ഷത്തോളം മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകളാണ്. ഡിസംബറിലെ കണക്ക് പ്രകാരം 900 ടണ്‍ മുതല്‍ 1300 ടണ്‍ ഓക്സിജന്‍ വരെ ദിനംപ്രതി ആവശ്യമായി വരുന്നുണ്ട്. മെയ് മാസത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയത് 1.03 ലക്ഷം സിലിണ്ടറുകളാണ്. ഈ സിലിണ്ടറുകള്‍ വീണ്ടും നിറയ്ക്കേണ്ടതുണ്ട്. കോണ്‍സന്‍ട്രേറ്ററുകളാണ് അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ വലിച്ചെടുക്കുന്നത്. മുമ്പ് ഒരു മാസം 250-300 കോണ്‍സന്‍ട്രേറ്ററുകളാണ് വിറ്റഴിച്ചിരുന്നതെങ്കില്‍ നിലവില്‍ 40,000 പീസുകളാണ് പ്രതിമാസം വില്‍ക്കുന്നത്. മുമ്പ് 25,000 മുതല്‍ 30,000 രൂപ വരെയായിരുന്നു ഈ കോണ്‍സന്‍ട്രേറ്ററുകളുടെ വിലയെങ്കില്‍ ഇപ്പോഴത് 75,000 ല്‍ വരെയാണ് എത്തി നില്‍ക്കുന്നത്.

ഓക്സിജന്‍ സിലിണ്ടറുകള്‍ നിര്‍മിക്കുന്നതിനും സൂക്ഷിക്കുന്നതിനും മാനദണ്ഡങ്ങളുണ്ടെങ്കിലും കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് അത്തരം ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ജൂണ്‍ 29ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതേറിറ്റി എല്ലാ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നിര്‍മാണ കമ്പനികളോടും കയറ്റുമതി കമ്പനികളോടും അവരവര്‍ ഈടാക്കുന്ന എംആര്‍പി തുക വെളിപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *