ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസവും കുതിച്ചുയരുന്നു. ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് കടക്കുന്ന അണ്‍ലോക്ക്-1 ഘട്ടത്തിലാണ് ആശങ്കപ്പെടുത്തുന്ന ഈ കണക്കുകള്‍. ഈ സാഹചര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ടത് രാജ്യത്തെ മരണനിരക്കിലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ രാജ്യത്ത് കോവിഡ് രോഗവ്യാപനം കുത്തനെ കൂടുമെന്നാണ് ദില്ലിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ വൈസ് ചെയര്‍മാന്‍ ഡോ. എസ് പി ബയോത്ര കണക്കുകൂട്ടുന്നത്. അടുത്ത കാലത്തൊന്നും രോഗവ്യാപനത്തിന്റെ എണ്ണം കുറച്ച് കൊണ്ടുവന്ന്, രോഗികളില്ലാത്ത അവസ്ഥ ഉണ്ടാകില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ ഒറ്റസ്വരത്തില്‍ അഭിപ്രായപ്പെടുന്നത്.

ഇനി വീണ്ടും ദേശീയലോക്ക്ഡൗണ്‍ തിരികെ കൊണ്ടുവരാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട്. വീണ്ടും ലോക്ക്ഡൗണ്‍ വന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തന്നെ തകരാറിലാകുകയും ജനങ്ങള്‍ വലിയ പട്ടിണിയിലേക്ക് വീഴുകയും ചെയ്യും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ച രണ്ട് ദിവസം, ജൂലൈ 16, 17 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനമുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ‘വൈറസിനൊപ്പം ജീവിക്കുക’ എന്ന നയത്തിന് അനുസരിച്ച് ഈ കുത്തനെ കൂടുന്ന രോഗവ്യാപനത്തെ സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നത് പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *