തിരുവനന്തപുരം: കൂടുതൽ രോഗവ്യാപന നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ട കാസർകോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ വിവരം ശേഖരിച്ച് പെട്ടെന്നുതന്നെ പരിശോധനയ്ക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പനിയും ചുമയും ഉള്ളവരുടെ പട്ടികയും അവരുമായി ബന്ധപ്പെട്ടവരുടെ പട്ടികയും പ്രത്യേകം തയ്യാറാക്കും. കാസർകോട് മെഡിക്കൽ കോളേജിൽ കോവിഡ് സെന്റർ പ്രവർത്തനം ഉടൻ തുടങ്ങും. കാസർകോടുള്ള കേന്ദ്ര സർവകലാശാലയിൽ സാമ്പിൾ ടെസ്റ്റങ്ങിനുള്ള അനുമതി ഐസിഎംആറിൽനിന്നും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജില്ലയിൽ മാസ്കുകൾക്ക് ദൗർലഭ്യമില്ല. എൻ 95 മാസ്കുകൾ രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവർക്ക് മാത്രം മതി എന്നതടക്കമുള്ള മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കാസർകോട് ജില്ലയിൽ രണ്ടു പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. നീരീക്ഷണത്തിലുള്ളത് 7733 പേരാണ്. ഇതിൽ വീടുകളിൽ 7570 പേരും ആശുപത്രികളിൽ 163 പേരുമാണ് നീരീക്ഷണത്തിലുള്ളത്. പുതിയതായി 37 പേരെക്കൂടി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച 116 സാമ്പിളുകൾ ആണ് പരിശോധനക്കയച്ചത്. 479 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 467 പേരുടെ റിസൾട്ട് ലഭിക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *