തിരുവനന്തപുരം : കൊറോണ നിരീക്ഷണം ലംഘിച്ച് നാടുവിട്ട കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. കൊല്ലം സബ്കളക്ടര്‍ അനുപം മിശ്രയ്ക്കെതിരെയാണ് കേസെടുക്കുക. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്. വിവരം മറച്ചുവെച്ചതിന് സബ് കളക്ടറുടെ ഗണ്‍മാനെതിരെയും കേസെടുത്തേക്കും.
വിദേശത്തുനിന്നെത്തിയ അനുപം മിശ്ര 19ാം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ സബ് കളക്ടര്‍ ആരോടും പറയാതെയാണ് ക്വാറന്റൈന്‍ ലംഘിച്ച് സ്ഥലം വിട്ടത്. അദ്ദേഹത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ കാണ്‍പൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വിദേശത്തു നിന്നും മടങ്ങിയെത്തിയ സബ് കളക്ടര്‍ കഴിഞ്ഞ 18നാണ് കൊല്ലത്തു തിരിച്ചെത്തി ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.
രണ്ടു ദിവസമായി സബ് കളക്ടറുടെ ക്വാര്‍ട്ടേഴ്‌സില്‍ വെളിച്ചം കാണാതിരുന്നതിനെത്തുടര്‍ന്ന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതോടെയാണ് സബ് കളക്ടര്‍ ക്വാറന്റീന്‍ ലംഘിച്ചത് പുറത്തറിഞ്ഞത്.തുടര്‍ന്ന് പൊലീസും ആരോഗ്യ- റവന്യൂ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയെങ്കിലും ക്വാര്‍ട്ടേഴ്‌സ് പൂട്ടിയിട്ട നിലയിലായിരുന്നു.
ജില്ലാ കളക്ടറേയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് സബ് കളക്ടര്‍ സ്ഥലം വിട്ടത്. ക്വാറന്റീന്‍ ലംഘിച്ചതു ഗുരുതരമായ കുറ്റമാണെന്നും സര്‍വീസ് റൂളിനു വിരുദ്ധമാണെന്ന് കൊല്ലം കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *