കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർണാടകയിലെ ഒരു ഗ്രാമത്തിൽ മുസ്ലിങ്ങൾക്ക് വിലക്ക്. കർണാടക രാമനഗര ജില്ലയിലെ അങ്കണഹള്ളി വില്ലേജിലുള്ള കൈലാഞ്ച ​ഗ്രാമപഞ്ചായത്താണ് മുസ്‌ലിംകൾക്ക് വിലക്കേർപ്പെടുത്തി പ്രമേയം പാസാക്കിയത്. വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദി ഹിന്ദു ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പഞ്ചായത്ത് പ്രസിഡൻ്റ് എൻ മഹേഷിന്റെ അധ്യക്ഷതയിൽ അടിയന്തര ഭരണസമിതി യോഗം ചേർന്നാണ് പ്രമേയം പാസാക്കിയത്. വിവരം ചെണ്ട കൊട്ടി വിളംബരം നടത്താൻ രാമയ്യ എന്നയാൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. “മുസ്ലിങ്ങൾ ആരും ഈ പഞ്ചായത്തിലേക്കു വരരുത്. അവർക്ക് ആരും തൊഴിൽ നൽകരുത്. ഇത് ലംഘിക്കുന്നവരിൽ നിന്ന് 500 മുതൽ 1000 രൂപ വരെ പിഴ ഈടാക്കുന്നതാണ്.”- ഇങ്ങനെ ആയിരുന്നു വിളംബരം. തുടർന്ന് വിളംബര ദൃശ്യം വീഡിയോയിൽ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനുള്ള ചുമതല കെ രാജേഷ് എന്നയാൾക്കായിരുന്നു.

വീഡിയോ പ്രചരിച്ചതോടെ പൊലീസിന് പരാതി ലഭിച്ചു. ഇതോടെ പൊലീസ് രാമയ്യയേയും രാജേഷിനേയും അറസ്റ്റ് ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ മതവിദ്വേഷം പരത്തിയെന്ന കുറ്റം ചുമത്തിൽ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

നേരത്തെ, മുസ്ലിങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊറോണ പരത്തുമെന്ന് ഭീഷണി മുഴക്കിയ മൂന്ന് യുവാക്കൾ കർണാടകയിൽ അറസ്റ്റിലായിരുന്നു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള ചെക്ക് പോസ്റ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്ന് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. തങ്ങൾ മുസ്ലിങ്ങളാണെന്നും ചെക്ക് പോസ്റ്റ് കടത്തിവിട്ടില്ലെങ്കിൽ കൊറോണ വൈറസ് പരത്തുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.

Leave a Reply

Your email address will not be published. Required fields are marked *